
ലണ്ടൻ: വിമ്പിൾഡൻ ടെന്നീസിൽ നിലവിലെ ചാംപ്യനായ സ്പാനിഷ് താരം കാർലോസ് അൽകാരസിനെ വീഴ്ത്തി ഇറ്റലിയുടെ യാനിക് സിന്നർ കിരീടം നേടി. സ്കോർ: 4-6, 6-4, 6-4, 6-4. യാനിക് സിന്നറിന്റെ നാലാം ഗ്രാൻസ്‌ലാം കിരീടമാണിത്. കന്നി വിമ്പിൾഡൻ കിരീടവും. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിനെ ആവേശത്തിലാഴ്ത്തിയ കലാശപ്പോരിൽ, ആദ്യ സെറ്റ് കൈവിട്ട് പിന്നിലായിപ്പോയ ശേഷം രാജകീയമായ തിരിച്ചുവരവാണ് സിന്നർ നടത്തിയത്. ഇതോടെ, ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനോടുള്ള തോൽവിക്കും ഇരുപത്തിമൂന്നുകാരനായ സിന്നർ പകരം വീട്ടി.
അതേസമയം, ഗ്രാൻസ്‍ലാം ഫൈനലിൽ കാർലോസ് അൽകാരസിന്റെ ആദ്യ തോൽവി കൂടിയാണിത്. 24 മത്സരങ്ങൾ നീണ്ട അൽകാരസിന്റെ അജയ്യമായ കുതിപ്പിനും ഇതോടെ വിരാമമായി. വിമ്പിൾഡനിൽ ഹാട്രിക് കിരീടം, ചാനൽ സ്‌ലാം (ഒരേ വർഷം ഫ്രഞ്ച് ഓപ്പണും വിമ്പിൾഡനും നേടുന്നതാണ് ചാനൽ സ്‌ലാം) എന്നീ നേട്ടങ്ങളും ഈ തോൽവിയോടെ അൽകാരസിന് നഷ്ടമായി.
കഴിഞ്ഞ മാസം 8ന് ഫ്രഞ്ച് ഓപ്പണിലെ കലാശപ്പോരാട്ടത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് കാർലോസ് അൽകാരസ്, യാനിക് സിന്നറിനെ വീഴ്ത്തിയത്. ഇത്തവണ അതേ നാണയത്തിൽ തിരിച്ചടിച്ചു ഇറ്റാലിയൻ താരം. അന്ന് 5 സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് അൽകാരസ് കിരീടം ചൂടിയത്. ഇത്തവണ നാലു സെറ്റിനുള്ളിൽ സിന്നർ വിജയക്കൊടി പാറിച്ചു.