
ലണ്ടനിൽ ഇന്ത്യൻ ടെസ്റ്റ് മത്സരത്തിൽ ശുഭമാൻ ഗിൽ ഇരട്ട സെഞ്ചുറിയുമായി ഗ്രൗണ്ടിൽ മികച്ച പ്രകടനം നടത്തിയപ്പോൾ അത് ഗാലറിയിലിരുന്ന് സാകൂതം വീക്ഷിക്കുന്ന 14 കാരനായ വൈഭവ് സൂര്യവംശിയുടെ ചിത്രം വൈറലായിരുന്നു. എന്നാൽ അത് വീക്ഷിച്ച കൗമാരക്കാരൻ, അടുത്ത മത്സരത്തിൽ തനിക്ക് ഡബിൾ സെഞ്ചുറിയടിക്കണമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
യൂത്ത് ഏകദിനത്തിൽ അതിവേഗ സെഞ്ചുറി തികച്ചതിന് പിന്നാലെയാണ് വമ്പൻ പ്രഖ്യാപനവുമായി വൈഭവ് രംഗത്തെത്തിയത്. അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടാനാണ് തന്റെ ശ്രമമെന്നും നിശ്ചിത അമ്പത് ഓവർ മുഴുവനായി കളിക്കാനാണ് ലക്ഷ്യമെന്നും വൈഭവ് പറഞ്ഞു. ബിസിസിഐ എക്‌സിൽ പങ്കുവെച്ച വീഡിയോയിലാണ് വൈഭവ് ഇക്കാര്യം തുറന്നു പറഞ്ഞത്.
"തന്റെ ഈ പ്രഖ്യാപനത്തിനു പിന്നിൽ ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ ആണ്. അദ്ദേഹം തനിക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്റെ കളി നേരിട്ട് കാണാനായി. നൂറും ഇരുന്നൂറും തികച്ചതിന് പിന്നാലെ അദ്ദേഹം ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നു. അതിനാൽ എനിക്കും അതുപോലെ ദീർഘനേരം ബാറ്റുചെയ്യണമെന്നുണ്ട്. കാരണം ഞാൻ പുറത്തായതിന് ശേഷവും 20 ഓവറുകൾ ബാക്കിയുണ്ടായിരുന്നു."- വൈഭവ് പറഞ്ഞു.
"ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ട്. അടുത്ത മത്സരത്തിൽ 200 റൺസ് നേടാൻ ശ്രമിക്കും. അമ്പത് ഓവർ മുഴുവനായും ബാറ്റുചെയ്യാനാണ് ശ്രമിക്കുക. ഞാൻ റണ്ണെടുക്കുമ്പോൾ അതിന്റെ നേട്ടം ടീമിന് ലഭിക്കുന്നു. അതിനാൽ മുഴുവൻ ഓവറും ബാറ്റ് ചെയ്യാൻ ശ്രമിക്കും." - വൈഭവ് പറയുന്നു.