

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ശുഭ്മൻ ഗിൽ കളിക്കുമെന്ന് റിപ്പോർട്ട്. ഗില്ലിൻ്റെ പരിക്കിനെപ്പറ്റിയുള്ള ഔദ്യോഗിക അപ്ഡേറ്റ് ലഭിക്കാത്തതിനാൽ ഇതുവരെ ഇന്ത്യൻ ടി20 ടീം പ്രഖ്യാപിച്ചിട്ടില്ല. താരം മാച്ച് ഫിറ്റാണെന്ന വിവരം ലഭിച്ചെന്നും അതുകൊണ്ട് തന്നെ ടി20 പരമ്പരയിൽ ഗില്ലിനെ പരിഗണിക്കും എന്നുമാണ് റിപ്പോർട്ട്.
ഡിസംബർ ആറിനാണ് ടി20 പരമ്പര ആരംഭിക്കുക. നിലവിൽ ബെംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസിൽ റീഹാബിലാണ് താരം. ഇവിടെ വച്ച് താരം ഫിറ്റ്നസ് തെളിയിച്ചു എന്നാണ് സൂചന. ടി20 ടീം വൈസ് ക്യാപ്റ്റനായ ശുഭ്മൻ ഗിൽ കളിച്ചില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസണെയോ യശസ്വി ജയ്സ്വാളിനെയോ പകരം ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഗിൽ ഫിറ്റ്നസ് വീണ്ടെടുത്തതോടെ ഇരുവരും ടീമിലെത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്.
സെൻ്റർ ഓഫ് എക്സലൻസിൽ താരം ദീർഘനേരം ബാറ്റ് ചെയ്ത് ഫിറ്റ്നസ് തെളിയിച്ചു. ഇതോടൊപ്പം ഫീൽഡിംഗിലും ഗിൽ തൻ്റെ ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ട്. ഇതോടെയാണ് താരത്തിന് ടി20 ടീമിലേക്ക് തിരികെയെയെത്താനുള്ള വഴിതെളിഞ്ഞത്. ഡിസംബ 3, 4 തീയതികളിൽ ടീം പ്രഖ്യാപനം നടക്കുമെന്നാണ് കരുതപ്പെടുന്നത്. പരമ്പരയിലെ ആദ്യ ടി20 നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിലും രണ്ടാം ടി20 മുതൽ ഗിൽ തന്നെയാവും ഇന്ത്യൻ ടീമിൻ്റെ ഓപ്പണർ.
ഡിസംബർ ആറിന് വിശാഖപട്ടണത്താണ് ടി20 പരമ്പരയ്ക്ക് തുടക്കമാവുക. പിന്നീട് ഡിസംബർ 11 (ഛണ്ഡീഗഡ്), ഡിസംബർ 14 (ധരംശാല), ഡിസംബർ 17 (ലഖ്നൗ), ഡിസംബർ 19 (അഹ്മദാബാദ്) എന്നീ വേദികളിൽ ബാക്കി മത്സരങ്ങൾ നടക്കും. സഞ്ജു സാംസൺ ടീമിൽ ഇടം നേടാൻ സാധ്യതയില്ല. ബാക്കപ്പ് ഓപ്പണറായി യശസ്വി ജയ്സ്വാളും വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മയും കളിക്കും.