

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ ബിസിസിഐക്ക് മുന്നിൽ പുതിയ നിർദ്ദേശവുമായി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (Shubman Gill). ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ഗിൽ രംഗത്തെത്തിയത്. ഓരോ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പും ടീമിന് കുറഞ്ഞത് 15 ദിവസത്തെ പ്രത്യേക പരിശീലന ക്യാമ്പ് അനുവദിക്കണമെന്നാണ് ഗിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തുടർച്ചയായ മത്സരങ്ങൾ കാരണം താരങ്ങൾക്ക് മതിയായ തയ്യാറെടുപ്പിന് സമയം ലഭിക്കുന്നില്ലെന്ന് ഗിൽ സെലക്ടർമാരെയും ബിസിസിഐ അധികൃതരെയും അറിയിച്ചു. നിലവിൽ ഐപിഎൽ, ഏഷ്യാ കപ്പ് തുടങ്ങിയ വൈറ്റ് ബോൾ ടൂർണമെന്റുകൾക്ക് പിന്നാലെ വിശ്രമമില്ലാതെ ടെസ്റ്റ് മത്സരങ്ങളിലേക്ക് ഇറങ്ങേണ്ടി വരുന്നത് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നാണ് നായകന്റെ വിലയിരുത്തൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇനി അവശേഷിക്കുന്ന ഒമ്പത് മത്സരങ്ങളിൽ ഏഴിലും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാനാകൂ. ഇതിൽ അഞ്ച് മത്സരങ്ങൾ നാട്ടിൽ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയാണെന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഗില്ലിന്റെ നിർദ്ദേശം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Indian Test captain Shubman Gill has proposed a mandatory 15-day training camp before every Test series to revive India's chances for the World Test Championship final. Following a series defeat against South Africa, Gill discussed the need for better preparation with BCCI officials and selectors. India currently needs to win seven out of their remaining nine matches to secure a spot in the WTC final.