ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റതിന് പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം യോഗ്‌രാജ് സിങ്. ഐപിഎൽ ഫൈനലിൽ അലസമായ ഷോട്ടിലൂടെ പുറത്തായ ശ്രേയസ് ചെയ്തത് ക്രിമിനൽ കുറ്റമാണെന്നാണ് യോഗ്‌രാജ് പറയുന്നത്. ബെംഗളൂരുവിനെതിരായ കലാശപ്പോരിൽ രണ്ടു പന്തുകൾ നേരിട്ട ശ്രേയസ് ഒരു റൺ മാത്രമെടുത്തു പുറത്തായിരുന്നു.
‘‘ശ്രേയസിന്റെ ആ ഷോട്ടിനെ ക്രിമിനൽ കുറ്റമായേ കാണാനാകൂ. ഇത്തരം ഷോട്ടുകള്‍ സെക്ഷൻ 302 പ്രകാരം ക്രിമിനൽ കുറ്റമാണെന്ന് അശോക് മങ്കാദും എന്നോടു പറഞ്ഞിട്ടുണ്ട്. ശിക്ഷാ നടപടിയായി രണ്ടു മത്സരങ്ങളിൽ ശ്രേയസിനെ വിലക്കേണ്ടതാണ്. ഇങ്ങനെയൊരു പിഴവ് സംഭവിച്ച ശേഷം മാപ്പു പറയാൻ പോലും ശ്രേയസ് തയാറായില്ല.’’– യോഗ്‍രാജ് സിങ് പ്രതികരിച്ചു.
പഞ്ചാബ് കിങ്സിനെതിരായ ഫൈനൽ പോരാട്ടത്തിൽ ആറു റൺസ് വിജയമാണ് ആർസിബി നേടിയത്. ആദ്യം ബാറ്റു ചെയ്ത ആർസിബി 20 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് കിങ്സിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.