സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രേയസ് അയ്യരുടെ കാര്യത്തില്‍ ആശ്വാസകരമായ വാര്‍ത്ത. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം പൂര്‍ണ്ണമായും സുഖം പ്രാപിച്ച് വരികയാണെന്ന് പുതിയ റിപ്പോര്‍ട്ട്.
ഓസീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ക്യാച്ച് എടുക്കുന്നതിനിടെ പ്ലീഹയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ചെറിയ ശസ്ത്രക്രിയ മാത്രമാണ് ആവശ്യമായി വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും താരത്തിന് കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും വിശ്രമം ആവശ്യമായി വരും.
ബിസിസിഐ താരത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ബിസിസിഐ ടീം ഡോക്ടര്‍ റിസ്വാന്‍ ഖാന്‍ അയ്യര്‍ക്കൊപ്പമുണ്ട്. ശ്രേയസിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സിഡ്നിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ബിസിസിഐ ഒരുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ക്രിക്കറ്റ് താരം ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നുണ്ടെന്നും പ്രാദേശിക സുഹൃത്തുക്കള്‍ ഒരുക്കിയ ഭക്ഷണം കഴിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.