

ബോളിവുഡ് നടി ആഡാ ശർമയ്ക്കൊപ്പം ചുവടുവച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുടെ പുതിയ മ്യൂസിക് വിഡിയോ വൈറല്‍. ക്രിക്കറ്റ് ഗ്രൗണ്ടിൽ ചടുല നീക്കങ്ങൾ നടത്തുന്ന ശ്രേയസിന്റെ, ആഡാ ശർമയ്ക്കൊപ്പമുള്ള ചുവടുകൾ ക്രിക്കറ്റ് ആരാധകർക്കിടയിലും ചർച്ചയായിട്ടുണ്ട്. ‘ദ് കേരള സ്റ്റോറി’, 1920 എന്നീ സിനിമകളിലൂടെ പ്രശസ്തയായ ആഡാ ശർമ ഗ്ലാമറസ് വേഷത്തിലാണ് ശ്രേയസിനൊപ്പം നൃത്തം ചെയ്യുന്നത്. ബുള്ളറ്റ് ആഷിഖാന എന്ന ആൽബം യുട്യൂബിൽ മാത്രം 14 മില്യൻ ആളുകളാണ് ഇതിനകം കണ്ടത്.
അതേസമയം, ഏകദിന പരമ്പരയ്ക്കുവേണ്ടി ഓസ്ട്രേലിയയിലേക്കു പോയ ശ്രേയസ് സിഡ്നിയിൽ നടന്ന മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ് ചികിത്സയിലാണ്. ഫീൽഡിങ്ങിനിടെ വാരിയെല്ലിനു പരുക്കേറ്റാണു താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ശ്രേയസ് അയ്യർ.
ആന്തരിക രക്തസ്രാവമുണ്ടായെന്നു പരിശോധനയിൽ വ്യക്തമായതോടെ ശ്രേയസിനെ ഐസിയുവിൽ ചികിത്സിക്കുകയാണ്. ഒരാഴ്ചയോളം ഓസ്ട്രേലിയയിൽ തുടരുന്ന ശ്രേയസ് ചികിത്സയ്ക്കുശേഷം മാത്രമാകും ഇന്ത്യയിലേക്കു മടങ്ങുക. ശ്രേയസിന്റെ കുടുംബത്തെ ബിസിസിഐ ഇടപെട്ട് സിഡ്നിയിലെത്തിക്കും.