ന്യൂഡൽഹി : ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരെ സിഡ്‌നി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇടതു വാരിയെല്ലിനും പ്ലീഹക്കും പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന താരത്തെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചെങ്കിലും, അദ്ദേഹം ഉടൻ ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ബി.സി.സി.ഐ. അധികൃതർ അറിയിച്ചു.(Shreyas Iyer leaves hospital, BCCI says he won't return to India anytime soon)
ഇക്കഴിഞ്ഞ ഒക്ടോബർ 25-ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെയാണ് ശ്രേയസ് അയ്യർക്ക് പരിക്കേറ്റത്. താരത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായെന്ന വിവരം ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ കൃത്യമായ സമയത്ത് പരിക്ക് തിരിച്ചറിഞ്ഞ് ചികിത്സ നൽകാനായി.
പരിക്കിൻ്റെ സ്വഭാവത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ബി.സി.സി.ഐ. ഔദ്യോഗിക പ്രസ്താവനയിൽ ഉടൻ പുറത്തുവിടുമെന്നാണ് വിവരം. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായ ശേഷമേ ശ്രേയസ് അയ്യർ ഇന്ത്യയിലേക്ക് മടങ്ങുകയുള്ളൂ. താരത്തിൻ്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുകയാണ്.