

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആശുപത്രി വിട്ടു. സിഡ്നിയിലെ ആശുപത്രിയിൽനിന്നു താരത്തെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തതായി ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. ‘‘ശ്രേയസ് അയ്യരുടെ നില തൃപ്തികരമാണ്. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. അദ്ദേഹം വേഗം സുഖം പ്രാപിച്ചതിൽ സിഡ്‌നിയിലെയും ഇന്ത്യയിലെയും സ്പെഷലിസ്റ്റുകൾക്കൊപ്പം ബിസിസിഐ മെഡിക്കൽ ടീമും സന്തുഷ്ടരാണ്. അദ്ദേഹത്തെ ഇന്ന് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു.’’– ബിസിസിഐ സെക്രട്ടറി ദേവ്‌ജിത് സൈകിയ വ്യക്തമാക്കി.
ശ്രേയസിന് മികച്ച ചികിത്സ ഉറപ്പാക്കിയതിന് സിഡ്‌നിയിലെ ഡോ. കൊറോഷ് ഹാഗിഗിക്കും സംഘത്തിനും ഇന്ത്യയിലെ ഡോ. ദിൻഷാ പർദിവാലയ്ക്കും ബിസിസിഐ നന്ദി അറിയിച്ചു. ചികിത്സയ്ക്കു മേൽനോട്ടം വഹിക്കുന്നതിന് ബിസിസിഐ മെഡിക്കൽ ടീം സിഡ്നിയിൽ എത്തിയിരുന്നു. തുടർചികിത്സയ്ക്കായി ശ്രേയസ് സിഡ്‌നിയിൽ തന്നെ തുടരും. വിമാനയാത്രയ്ക്കു സജ്ജനായാൽ ഇന്ത്യയിലേക്കു മടങ്ങും. ശ്രേയസിന്റെ കുടുബവും താരത്തോടൊപ്പം സിഡ്‌നിയിലുണ്ട്. ആശുപത്രി വിട്ടെങ്കിലും ശ്രേയസിന് മൂന്ന് ആഴ്ചയോളം വിശ്രമം ആവശ്യമായി വരുമെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ 25നു നടന്ന ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ഏകദിന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് അയ്യർക്കു പരുക്കേറ്റത്. ഹർഷിത് റാണയുടെ പന്തിൽ ഓസ്ട്രേലിയൻ ബാറ്റർ അലക്സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ ശ്രേയസ് ഗ്രൗണ്ടിൽ വീഴുകയായിരുന്നു.