
ഇന്ത്യൻ ടീമിന്റെ ഉപനായക സ്ഥാനത്തേക്ക് ശുഭ്മൻ ഗിൽ തിരിച്ചെത്തിയതോടെ മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ സ്ഥാനം ഉണ്ടാകില്ലെന്ന അഭ്യൂഹങ്ങൾ തള്ളി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ശുഭ്മൻ ഗിൽ ഉൾപ്പെടുന്ന ടീമിൽ സഞ്ജുവിനു കൂടി ഇടം കൊടുത്താൽ എന്താണ് പ്രശ്നമെന്ന് ഗാവസ്കർ ചോദിച്ചു. ഗിൽ തിരിച്ചെത്തി എന്നതിന്റെ പേരിൽ സഞ്ജുവിനേപ്പോലെ പ്രതിഭാധനനായ താരത്തെ പുറത്തിരുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സഞ്ജുവിന് ബാറ്റിങ് ഓർഡറിൽ താഴെയും ബാറ്റു ചെയ്യാനാകുമെന്നും ‘ക്ലാസ് കളിക്കാരനാ’ണെന്നും ഗാവസ്കർ അഭിപ്രായപ്പെട്ടു.
‘‘ബാറ്റിങ് ഓർഡറിൽ കുറച്ച് താഴേക്ക് ഇറങ്ങേണ്ടി വന്നാലും സഞ്ജുവിനെ ഉൾപ്പെടുത്തുന്നതിൽ എന്താണ് പ്രശ്നം? അഞ്ചാമതോ ആറാമതോ സഞ്ജുവിനെ കളിപ്പിക്കാനാകില്ലേ? അദ്ദേഹം നല്ലൊരു വിക്കറ്റ് കീപ്പർ കൂടിയാണ്. അതുകൊണ്ട് പ്ലേയിങ് ഇലവനിൽനിന്ന് തഴയുന്നത് യുക്തമല്ല. മാത്രമല്ല, പ്രതിഭാധനനായ താരമാണ് സഞ്ജു. അദ്ദേഹം ഏതു സ്ഥാനത്തും കളിക്കും. ബാറ്റിങ് ഓർഡറിൽ താഴെയും അദ്ദേഹം കളിച്ചിട്ടുണ്ട്. സഞ്ജുവിനെയോർത്ത് വെറുതെ ആശങ്കപ്പെടേണ്ട. അദ്ദേഹം ഒരു ക്ലാസ് താരമാണ്." - ഗാവസ്കർ പറഞ്ഞു.
‘‘ടീമിന്റെ പ്ലേയിങ് ഇലവനും ബാറ്റിങ് ഓർഡറുമെല്ലാം ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പിച്ചിന്റെ സ്വഭാവം, എതിരാളികൾ, അവരുടെ ബോളിങ് നിരയുടെ സവിശേഷിതകൾ... ഇതെല്ലാം നോക്കേണ്ടേ? എന്തായാലും ഓപ്പണർമാരായി എത്തുക ശുഭ്മൻ ഗില്ലും അഭിഷേക് ശർമയുമായിരിക്കും. ഈ പഞ്ചാബി സഖ്യത്തിനാണ് എന്റെ പിന്തുണ. മൂന്നാമനായി തിലക് വർമയും നാലാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും കളിക്കട്ടെ." - ഗാവസ്കർ പറഞ്ഞു.
‘‘എതിർ ടീമിന്റെ സ്കോർ പിന്തുടരുമ്പോഴാണെങ്കിൽ സാഹചര്യങ്ങൾ നോക്കി ഹാർദിക് പാണ്ഡ്യയെയോ സഞ്ജു സാംസണിനെയോ അഞ്ചാമത് ഇറക്കാം. ഇവർക്കു പുറമേ അക്ഷർ പട്ടേലുണ്ട്. ബാർബഡോസിലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ അദ്ദേഹത്തിന്റെ പ്രകടനം ഓർമയില്ലേ? ഇതായിരിക്കും ഏറ്റവും നല്ല ബാറ്റിങ് ലൈനപ്പ്." – ഗാവസ്കർ ചൂണ്ടിക്കാട്ടി.
ബോളിങ് വിഭാഗത്തിൽ ഹർഷിത് റാണയ്ക്ക് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഗാവസ്കർ വ്യക്തമാക്കി. ജസ്പ്രീത് ബുമ്ര – അർഷ്ദീപ് സഖ്യമാകും പേസ് ബോളിങ് വിഭാഗത്തെ പ്രതിനിധീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
‘‘ബോളിങ്ങിൽ ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം അർഷ്ദീപ് സിങ്ങിനെയാണ് ഞാൻ തിരഞ്ഞെടുക്കുക. ഓൾറൗണ്ടർമാരായി അക്ഷർ പട്ടേലും ഹാർദിക് പാണ്ഡ്യയും ഉണ്ടല്ലോ. സ്പിന്നർമാരായി കുൽദീപ് യാദവും വരുൺ ചക്രവർത്തിയുമുണ്ട്. ശിവം ദുബെ, ജിതേഷ് ശർമ, ഹർഷിത് റാണ, റിങ്കു സിങ് എന്നിവരുണ്ടെങ്കിലും പ്ലേയിങ് ഇലവനിൽ ഇടം കിട്ടാൻ പ്രയാസമായിരിക്കും." - ഗാവസ്കർ പറഞ്ഞു.