
ആരാധകരുടെ സംശയങ്ങൾക്കു രസകരമായ മറുപടികളുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. സമൂഹമാധ്യമമായ ‘റെഡിറ്റിൽ’ ആരാധകർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് സച്ചിൻ കഴിഞ്ഞ ദിവസം മറുപടി നൽകിയത്. സമൂഹമാധ്യമത്തിലുള്ളത് ശരിക്കും സച്ചിൻ ആണെന്നു തെളിയിക്കാൻ അദ്ദേഹത്തിന്റെ ശബ്ദസന്ദേശം അയക്കുമോ? എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്.
എന്നാൽ, വലിയ സ്ക്രീനിൽ ഈ ചോദ്യം കാണിച്ച് അതിനു മുന്നിൽ നിൽക്കുന്ന ഫോട്ടോയാണ് സച്ചിൻ തെൻഡുൽക്കർ പങ്കുവച്ചത്. ‘‘ഞാൻ എന്റെ ആധാർ കാർഡ് കൂടി അയച്ചു തരണോ?’’ എന്നും സച്ചിൻ ആരാധകനോടു ചോദിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ റൺസുള്ള താരമെന്ന റെക്കോർഡിന് ഇംഗ്ലണ്ട് താരം ജോ റൂട്ട് ഭീഷണിയാകുന്നതിനേക്കുറിച്ചും സച്ചിൻ മനസ്സു തുറന്നു.
‘‘13,000 റൺസ് പിന്നിടുന്നതു വലിയ കാര്യമാണ്. ഇപ്പോഴും റൂട്ട് നന്നായി കളിക്കുന്നുണ്ട്. നാഗ്പൂരിൽ ജോ റൂട്ട് ആദ്യ ടെസ്റ്റ് കളിക്കുമ്പോൾ, ഈ ബാറ്റർ ഇംഗ്ലണ്ടിനെ ഭാവിയിൽ നയിക്കുമെന്നു ഞാൻ സഹതാരങ്ങളോടു പറഞ്ഞിരുന്നു. ജോ റൂട്ട് വലിയൊരു താരമായി മാറുമെന്ന് എനിക്ക് അറിയാമായിരുന്നു.’’– സച്ചിൻ വ്യക്തമാക്കി.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആന്‍ഡേഴ്സൻ– തെൻഡുൽക്കർ ട്രോഫി ക്രിക്കറ്റിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ വേഗത്തിൽ 13,000 റൺസെന്ന നേട്ടത്തിലെത്തിയത്. ജോ റൂട്ടിന് നിലവിൽ 13,543 റൺസാണുള്ളത്. സച്ചിന്റെ 15,921 റൺസെന്ന റെക്കോർഡ് സ്കോറിലേക്കെത്താൻ റൂട്ടിന് ഇനി 2378 റൺസ് കൂടി മതിയാകും.