

നവംബർ 26 ന് തുടങ്ങുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 17 അംഗ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. ശാർദുൽ താക്കൂറാണ് മുംബൈയെ നയിക്കുന്നത്. സർഫറസ് ഖാൻ, അജൻക്യ രഹാനെ, ശിവം ദുബെ തുടങ്ങിയ താരങ്ങളും സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.
ശ്രേയസ് അയ്യരുടെ നേതൃത്തിൽ കഴിഞ്ഞ സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വിജയം നേടാൻ മുംബൈക്ക് സാധിച്ചിരുന്നു. വെറ്ററൻ താരമായ അജൻക്യ രഹാനെ അഞ്ച് അർധ സെഞ്ചുറികൾ ഉൾപ്പടെ 469 റൺസുമായി മികച്ച പ്രകടനം നടത്തിയിരുന്നു. നവംബർ 26 ന് റെയിൽവേക്ക് എതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.
അതേസമയം, മുഷ്താഖ് അലി ട്രോഫിക്കായുള്ള മഹാരാഷ്ട്ര ടീമിനെ റിതുരാജ് ഗെയ്ക്വാദാണ് നയിക്കുന്നത്. ഈ മാസം നടന്ന സൗത്താഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യ എയ്ക്കായി താരം 210 റൺസ് നേടി മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു. നവംബർ 26 ന് ജമ്മു കാശ്മീരിനെതിരെയാണ് മഹാരാഷ്ട്രയുടെ ആദ്യ മത്സരം.
കർണാടകക്കായുള്ള സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ദേവദത്ത് പടിക്കലും കരുൺ നായരും ഇടം പിടിച്ചിട്ടുണ്ട്. മായങ്ക് അഗർവാളാണ് ടീമിനെ നയിക്കുന്നത്. ദേവദത്ത് പടിക്കൽ നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പമാണ് ഉളളത്. ഗുവാഹത്തിയിൽ നവംബർ 22 മുതൽ 26 വരെയാണ് സൗത്താഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര. അതിനാൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും.