
ഇന്ത്യ– ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ അവസാന ദിവസം ഗ്രൗണ്ടില്‍വച്ച് തർക്കിച്ച് രവീന്ദ്ര ജഡേജയും ഷാർദൂൽ ഠാക്കൂറും. ഫീൽഡിങ്ങിനിടെ ഷാർദൂലിനു സംഭവിച്ച പിഴവിൽ ജഡേജ ദേഷ്യപ്പെട്ടതോടെയാണ് പ്രശ്നം. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടെ ജഡേജയെറിഞ്ഞ 62–ാം ഓവറിലെ നാലാം പന്ത് ജോ റൂട്ട് മിഡ് ഓണിലേക്കാണ് അടിച്ചത്. പന്തു പിടിച്ചെടുക്കാൻ ഓടിയെത്തിയ ഷാർദൂൽ ഠാക്കൂര്‍ ഗ്രൗണ്ടിൽ വീണുപോയി. ഇതോടെ ഇംഗ്ലണ്ട് താരങ്ങൾ കൂടുതൽ റൺസ് ഓടിയെടുത്തു.
പന്ത് മിസ്സാക്കിയതിൽ രോഷത്തോടെയാണ് ജഡേജ ഷാര്‍ദൂലിനോടു സംസാരിച്ചത്. രൂക്ഷഭാഷയിൽ സംസാരിക്കുന്ന ജഡേജയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. വീണുപോയതുകൊണ്ടാണു പന്ത് നഷ്ടമായതെന്ന് ഷാർദൂൽ ഠാക്കൂർ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജഡേജ ഇതൊന്നും ശ്രദ്ധിക്കാൻ കൂട്ടാക്കുന്നില്ല.
ഒന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ബാറ്റർമാർ തിളങ്ങിയിട്ടും ഫീൽഡർമാരുടെ പിഴവുകളാണു മത്സരത്തിൽ ഇന്ത്യയ്ക്കു തിരിച്ചടിയായത്. എട്ടു ക്യാച്ചുകളാണ് രണ്ട് ഇന്നിങ്സുകളിലുമായി ഇന്ത്യൻ താരങ്ങൾ വിട്ടുകളഞ്ഞത്. അതിൽ നാലെണ്ണവും മിസ്സാക്കിയത് യുവതാരം യശസ്വി ജയ്സ്വാളാണ്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യത്തിലേക്ക് അവസാന ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ബാറ്റർമാർ എത്തിയത്.