നവി മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ കന്നി ലോകകിരീട നേട്ടത്തിന് കരുത്തായത്, പകരക്കാരിയായി ടീമിലെത്തി ഫൈനലിൽ കത്തിക്കയറിയ ഷെഫാലി വർമ്മയുടെ (21) അവിസ്മരണീയ പ്രകടനം ആണ് എന്ന് സംശയമില്ലാതെ പറയാം. പുരുഷ, വനിതാ ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ 'പ്ലെയർ ഓഫ് ദി മാച്ച്' ആവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂർവ നേട്ടവും താരം സ്വന്തമാക്കി.(Shafali Verma, the emerald of the final!)
ലോകകപ്പ് സെമിഫൈനൽ വരെ ടീമിൽ പോലും ഇടം നേടാൻ ഷെഫാലിക്കായിരുന്നില്ല. പ്രതിക റാവലിന് പരിക്കേറ്റതിനെ തുടർന്നാണ് ഷെഫാലിക്ക് ടീമിലേക്ക് വിളിയെത്തിയത്. സെമിഫൈനലിൽ 10 റൺസിന് മടങ്ങിയ ഷെഫാലി, ഫൈനലിൽ ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകളെ ബൗണ്ടറികടത്തി.
78 പന്തിൽ 87 റൺസ് ആണ് ഷെഫാലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. ഇതിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നു. സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിക്കവെ, ടീം സ്കോർ 166-ൽ നിൽക്കെയാണ് ഷെഫാലി പുറത്തായത്. സ്മൃതി മന്ദാനയുമൊത്ത് കരുതലോടെ തുടങ്ങിയ ഷെഫാലി പിന്നീട് കളം കൈയടക്കി.
ബാറ്റിംഗിന് പുറമെ ബൗളിംഗിലും ഷെഫാലി മാജിക് കാണിച്ചു. 30 ഏകദിനങ്ങളിൽ ഒറ്റ വിക്കറ്റ് മാത്രം നേടിയിട്ടുള്ള ഷെഫാലിയെ ഹർമൻപ്രീത് കൗർ പന്തേൽപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ മധ്യനിര പിടിച്ചുലഞ്ഞു. "ഷെഫാലിയുടെ വിക്കറ്റുകൾ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു," ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു.
ഒരു ലോകകപ്പിൽ വെറും രണ്ട് മത്സരങ്ങൾ മാത്രം കളിച്ച് ഫൈനലിലെ താരമെന്ന അപൂർവ നേട്ടവുമായാണ് അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഷെഫാലി മുംബൈയിൽ നിന്ന് മടങ്ങുന്നത്. "ദൈവം എന്നെ ഇവിടെ അയച്ചത് എന്തെങ്കിലും നല്ലത് ചെയ്യാനാണ്," ടീമിനൊപ്പം ചേർന്ന ശേഷം ഷെഫാലി പറഞ്ഞ വാക്കുകൾ ഒരു പ്രവചനം പോലെ സത്യമായി മാറുകയായിരുന്നു.