

തനിക്ക് പരിക്കേറ്റതിനെ തുടർന്ന് ടീമിലെത്തിയ ഷഫാലി വർമ്മയെ പുകഴ്ത്തി പ്രതിക റാവൽ. ഷഫാലി വർമ്മ സമ്മർദ്ദം നന്നായി കൈകാര്യം ചെയ്തെന്നും അവളോട് ബഹുമാനമുണ്ടെന്നും പ്രതിക പറഞ്ഞു. ഫൈനലിൽ 87 റൺസും രണ്ട് വിക്കറ്റും വീഴ്ത്തിയ ഷഫാലിയായിരുന്നു കളിയിലെ താരം.
"അത്ര സമ്മർദ്ദത്തിൽ സെമിഫൈനലിൽ കളിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. പക്ഷേ, അവൾ അത് മനോഹരമായി കൈകാര്യം ചെയ്തു. ഫൈനലിൽ അവൾ എത്ര നന്നായി കളിച്ചെന്ന് നമുക്കറിയാം."- ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതിക റാവൽ പറഞ്ഞു.
"എൻ്റെയും മന്ദനയുടെയും ലാളിത്യമാണ് നമ്മളെ നിർവചിക്കുന്നത്. ഒരുമിച്ച് കളിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ഞങ്ങൾക്ക് രണ്ട് പേർക്കും പക്വതയുണ്ട്. ഗെയിമിൽ പരസ്പരം ഞങ്ങൾ ഇടപെടാറില്ല."- പ്രതിക വിശദീകരിച്ചു.
ലോകകപ്പിൽ പ്രതിക റാവൽ മികച്ച പ്രകടനങ്ങളാണ് നടത്തിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് 308 റൺസ് നേടിയ താരം ന്യൂസീലൻഡിനെതിരെ സെഞ്ചുറി നേടി. 51.33 ശരാശരിയും 77.77 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 299 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓൾ ഔട്ടായി. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ ദീപ്തി ശർമ്മയായിരുന്നു ടൂർണമെൻ്റിലെ താരം.