മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 299 റൺസ് വിജയലക്ഷ്യം പടുത്തുയർത്തി ഇന്ത്യ. നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 298 റൺസെടുത്തു. ഷഫാലി വർമയുടെയും ദീപ്തി ശർമയുടെയും അർധസെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഇരു ടീമുകളും ഒരു മാറ്റവും വരുത്തിയിട്ടില്ല.ഒന്നാം വിക്കറ്റില്‍ മന്ദാന - ഷെഫാലി സഖ്യം 104 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ 18-ാം ഓവറില്‍ സ്‌കോര്‍ നൂറുകടന്നതിന് പിന്നാലെ സ്മൃതി മന്ദാന പുറത്തായി. 58 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികള്‍ നേടി. തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസ് (24), ഷെഫാലിക്കൊപ്പം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷെഫാലി 28-ാം ഓവറില്‍ മടങ്ങി. 78 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടി.
പിന്നാലെ ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (20) അധികനേരം ക്രീസില്‍ തുടരാനായില്ല. ജമീമയും പവലിയനില്‍ തിരച്ചെത്തി. അമന്‍ജോത് കൗര്‍ (12) കൂടി മടങ്ങിയതോടെ അഞ്ചിന് 245 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റിച്ച - ദീപ്തി കൂട്ടുകെട്ടാണ് സ്‌കോര്‍ 300ന് അടുത്ത് എത്തിച്ചത്. 49-ാം ഓവറിലെ അവസാന പന്തില്‍ റിച്ച മടങ്ങി. അവസാന പന്തില്‍ ദീപ്തി റണ്ണൗട്ടാവുകയും ചെയ്തു. 58 പന്തുകള്‍ നേരിട്ട ദീപ്തി ഒരു മൂന്ന് ഫോറും നേടി. രാധാ യാദവ് ദീപിതിക്കൊപ്പം പുറത്താവാതെ നിന്നു.