
പോണ്ടിച്ചേരി: സെയ്ഷം അണ്ടർ 19 അന്തർ സംസ്ഥാന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് ബംഗാളിനോട് അവിശ്വസനീയ തോൽവി.ദ്വിദിന മല്സരത്തിൽ മൂന്ന് റൺസിനായിരുന്നു ബംഗാളിൻ്റെ വിജയം. 320 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 295 റൺസെന്ന നിലയിലായിരുന്നു. എന്നാൽ 21 റൺസെടുക്കുന്നതിനിടെ ബാക്കി അഞ്ച് വിക്കറ്റുകളും നഷ്ടമായതാണ് കേരളത്തിന് തിരിച്ചടിയായത്.
മല്സരത്തിൻ്റെ ആദ്യ ദിവസം ബാറ്റ് ചെയ്ത ബംഗാൾ 319 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 81 റൺസെടുത്ത അഭിപ്രായ് ബിശ്വജും 60 റൺസെടുത്ത ആദിത്യ റോയുമായിരുന്നു ബംഗാൾ ബാറ്റിങ് നിരയിൽ തിളങ്ങിയത്. കേരളത്തിന് വേണ്ടി തോമസ് മാത്യുവും നരേഷ് ആർ നായരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദേവഗിരിയും ഇഷാൻ കുനാലും രണ്ട് വിക്കറ്റ് വീതം നേടി. രണ്ടാം ദിനം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ കാശിനാഥിനെയും പൊന്നൂരു ജോയ്ഫിനെയും നഷ്ടമായി. കാശിനാഥ് നാലും ജോയ്ഫിൻ ഒൻപതും റൺസെടുത്തു. എന്നാൽ തുടർന്നെത്തിയ അമയ് മനോജും ജോബിൻ ജോബിയും ഉജ്ജ്വല ബാറ്റിങ് കാഴ്ച വച്ചു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 198 റൺസ് പിറന്നു. അമയ് 120ഉം ജോബിൻ 95ഉം റൺസ് നേടി. ക്യാപ്റ്റൻ മാനവ് കൃഷ്ണൻ 39 റൺസെടുത്തു. എന്നാൽ തുടർന്നെത്തിയവരെല്ലാം രണ്ടക്കം കടക്കാതെ പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 316 റൺസിന് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ കുശാൽ ഗുപ്തയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശുതോഷ് കുമാറുമാണ് ബംഗാൾ ബൌളിങ് നിരയിൽ തിളങ്ങിയത്.