കേരളത്തിന് തിരിച്ചടി; രഞ്ജി ട്രോഫിയിലെ അടുത്ത മത്സരങ്ങളിൽ സഞ്ജു സാംസൺ ഉണ്ടാകില്ല | Ranji Trophy

ഒക്ടോബർ 29ന് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്കായി സഞ്ജു പോകുന്നു
Sanju
Published on

മലയാളി താരം സഞ്ജു സാംസണ് രഞ്ജി ട്രോഫിയിലെ തുടർന്നുള്ള മത്സരങ്ങൾ കളിക്കാനാകില്ല. ഈ മാസം 25നാണ് പഞ്ചാബിനെതിരായ കേരളത്തിൻ്റെ രഞ്ജി ട്രോഫി മത്സരം ആരംഭിക്കുക. 28 വരെയാണ് മത്സരം. ഒക്ടോബർ 29ന് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കും. അതിന് രണ്ട് ദിവസം മുൻപെങ്കിലും സഞ്ജുവിന് ഓസ്ട്രേലിയയിൽ എത്തേണ്ടതുണ്ട്. അതുകൊണ്ട് പഞ്ചാബിനെതിരെ കളിച്ചാൽ സഞ്ജുവിന് ഓസ്ട്രേലിയയിലെത്താൻ കഴിയില്ല.

നവംബർ എട്ടിന് ഓസീസ് പരമ്പര അവസാനിക്കും. ഇതിനിടെ കേരളത്തിന് മൂന്ന് രഞ്ജി മത്സരങ്ങളാണുള്ളത്. 28ന് പഞ്ചാബിനെതിരായ മത്സരം അവസാനിച്ചതിന് ശേഷം നവംബർ ഒന്നിന് കർണാടകയ്ക്കെതിരെയും നവംബർ എട്ടിന് സൗരാഷ്ട്രയ്ക്കെതിരെയും കേരളം കളിക്കും. നവംബർ 11നാണ് സൗരാഷ്ട്രക്കെതിരായ മത്സരം അവസാനിക്കുക. നവംബർ 16ന് മധ്യപ്രദേശിനെതിരായ മത്സരത്തോടെ സഞ്ജു രഞ്ജിയിലേക്ക് തിരികെയെത്താനാണ് സാധ്യത.

ഓസ്ട്രേലിയക്കെതിരെ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഏഷ്യാ കപ്പിലേത് പോലെ അഞ്ചാം നമ്പറിലാവും സഞ്ജു കളത്തിലിറങ്ങുക. ഒക്ടോബർ 29ന് നടക്കുന്ന ആദ്യ ടി20 കാൻബറയിലാണ് നടക്കുക. 31ന് മെൽബൺ, നവംബർ രണ്ടിന് ഹൊബാർട്ട്, നവംബർ ആറിന് ഗോൾഡ് കോസ്റ്റ്, നവംബർ എട്ടിന് ബ്രിസ്ബേൻ എന്നീ വേദികളിലും മത്സരങ്ങൾ നടക്കും.

അതേസമയം, രഞ്ജിയിലെ മൂന്ന് മത്സരങ്ങൾ സഞ്ജുവിന് നഷ്ടമാവുന്നത് കേരളത്തിന് തിരിച്ചടിയാവും. എലീറ്റ് ഗ്രൂപ്പ് ബിയിൽ ശക്തരായ ടീമുകളാണ് പഞ്ചാബും കർണാടകയും സൗരാഷ്ട്രയും. ഇവർക്കെതിരെ സഞ്ജു കളിക്കാതിരിക്കുന്നത് കേരളത്തിൻ്റെ സാധ്യതകളെ ബാധിക്കും. മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ ഫിഫ്റ്റിയടിച്ച സഞ്ജുവായിരുന്നു കേരളത്തിൻ്റെ ടോപ്പ് സ്കോറർ. ഈ കളി സമനിലയിലായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com