
പ്രഫഷനൽ ഫുട്ബോളിൽ നിന്ന് വിടപറയാൻ ഒരുങ്ങി ഇന്റർ മയാമി മിഡ് ഫീൽഡർ സെർജിയോ ബുസ്കെറ്റ്സ്. 2025 ലെ മേജർ ലീഗ് സോക്കർ (എംഎൽഎസ്) സീസണിന്റെ അവസാനത്തോടെ പ്രഫഷനൽ ഫുട്ബോളിൽനിന്നു വിരമിക്കുമെന്ന് ബുസ്കെറ്റ്സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ അറിയിച്ചു.
‘‘ഫുട്ബോളിലെ എന്റെ അവസാന മാസങ്ങളാണിത്. ഞാൻ വളരെ സന്തോഷവാനും സംതൃപ്തനും എല്ലാറ്റിനുമുപരി നന്ദിയുള്ളവനുമാണ്. എല്ലാവർക്കുംനന്ദി, ഫുട്ബോളിനും.’’– സെർജിയോ ബുസ്കെറ്റ്സ് വിഡിയോയിൽ പറഞ്ഞു.
മധ്യനിരയിലെ വിശ്വസ്തനായ സെർജിയോ ബുസ്കെറ്റ്സ്, മുൻ ബാർസിലോന താരമാണ്. ഒൻപതു സ്പാനിഷ് ലീഗ് കിരീടങ്ങളും മൂന്നു ചാംപ്യൻസ് ലീഗ് ട്രോഫികളും ബാർസിലോനയ്ക്കൊപ്പം ബുസ്കെറ്റ്സ് നേടിയിട്ടുണ്ട്. 2022 ലാണ് മുൻ സ്പെയിൻ ക്യാപ്റ്റനായ ബുസ്കെറ്റ്സ് രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിച്ചത്. ഖത്തർ ലോകകപ്പിന്റെ പ്രീക്വാട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ട് സ്പെയിൻ പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ടീം നായകൻ കൂടിയായ ബുസ്കെറ്റ്സ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2010 ലോകകപ്പിലും 2012 യൂറോ കപ്പിലും സ്പെയിൻ ചാംപ്യന്മാരാകുമ്പോൾ ബുസ്കെറ്റ്സ് ടീമിലുണ്ടായിരുന്നു.