
കെസിഎല്ലിൻ്റെ സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന ആദ്യ സെമിയിൽ തൃശൂർ ടൈറ്റൻസ് കൊല്ലം സെയിലേഴ്സിനെ നേരിടും. വൈകിട്ട് 6.45ന് നടക്കുന്ന രണ്ടാം സെമിയിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെയും നേരിടും.
10 മല്സരങ്ങളിൽ നിന്ന് ആറ് വിജയമടക്കം 12 പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരാണ് തൃശൂർ.അഞ്ച് വിജയങ്ങളടക്കം 10 പോയിൻ്റുള്ള കൊല്ലം മൂന്നാം സ്ഥാനത്തും. സെമിയിലെ ആദ്യ മല്സരം ബാറ്റിങ് കരുത്തിൻ്റെ പോരാട്ടമായി കൂടി വിശേഷിപ്പിക്കാം. ടൂർണ്ണമെൻ്റിൻ്റെ ആദ്യ പകുതിയിൽ ഏറ്റവും മികച്ച് നിന്ന് ബാറ്റിങ് നിരകളിലൊന്നായിരുന്നു തൃശൂരിൻ്റേത്. അഹ്മദ് ഇമ്രാൻ്റെ ഉജ്ജ്വല ഫോമായിരുന്നു ഇതിൽ നിർണ്ണായകമായത്. അവസാന മല്സരങ്ങളിൽ ആനന്ദ് കൃഷ്ണൻ ഷോൺ റോജർ, അർജുൻ എ കെ തുടങ്ങിയ താരങ്ങളും ഫോമിലേക്ക് ഉയർന്നത് തൃശൂരിന് പ്രതീക്ഷയാണ്. സിബിൻ ഗിരീഷും ആദിത്യ വിനോദും അടങ്ങുന്ന ബൌളിങ് നിരയും ശക്തമാണ്. ടൂർണ്ണമെൻ്റിൽ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ സിബിൻ. മറുവശത്ത് മികച്ച ബാറ്റിങ് നിരയാണ് കൊല്ലത്തിൻ്റെയും കരുത്ത്. സച്ചിൻ ബേബിയും വിഷ്ണു വിനോദും, അഭിഷേക് ജെ നായരും വത്സൽ ഗോവിന്ദും അടങ്ങുന്ന ബാറ്റിങ് നിര ഫോമിലേക്ക് ഉയർന്നാൽ കൊല്ലത്തെ പിടിച്ചു കെട്ടുക എതിരാളികൾക്ക് ബുദ്ധിമുട്ടാകും. ഷറഫുദ്ദീനും വിജയ് വിശ്വനാഥും, എം എസ് അഖിലുമടങ്ങുന്ന ഓൾ റൌണ്ട് മികവും കൊല്ലത്തിൻ്റെ കരുത്താണ്. ഈ സീസണിൽ ടൂർണ്ണമെൻ്റിൽ പരസ്പരം ഏറ്റുമുട്ടിയ രണ്ട് മല്സരങ്ങളിലും കൊല്ലത്തിനായിരുന്നു വിജയം. ആദ്യ മല്സരത്തിൽ എട്ട് വിക്കറ്റിൻ്റെ ആധികാരിക വിജയം സ്വന്തമാക്കിയപ്പോൾ രണ്ടാം മല്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു വിജയം.
രണ്ടാം സെമിയിൽ കൊച്ചിയുടെ എതിരാളി കാലിക്കറ്റാണ്. ടൂർണ്ണമെൻ്റിൽ കളിച്ച പത്ത് മല്സരങ്ങളിൽ എട്ടിലും ജയിച്ച് 16 പോയിൻ്റുമായി ഒന്നാം സ്ഥാനക്കാരായാണ് കൊച്ചി സെമിയിലെത്തിയത്. സഞ്ജു സാംസൻ്റെ സാന്നിധ്യമായിരുന്നു ടീമിൻ്റെ പ്രധാന കരുത്ത്. ദേശീയ ടീമിനൊപ്പം ചേരേണ്ടതിനാൽ സഞ്ജു സെമിയുലുണ്ടാകില്ല. എന്നാൽ സഞ്ജുവിൻ്റെ അസാന്നിധ്യത്തിലും കഴിഞ്ഞ മല്സരങ്ങളിൽ ജയിച്ചു മുന്നേറാനായത് ടീമിൻ്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. വിനൂപ് മനോഹരനും മൊഹമ്മദ് ഷാനുവും അടക്കമുള്ള കരുത്തർക്കൊപ്പം മൊഹമ്മദ് ആഷിഖും, ആൽഫി ഫ്രാൻസിസ് ജോണും ജോബിൻ ജോബിയും ജെറിൻ പിഎസുമടക്കമുള്ള ഓൾ റൌണ്ട് മികവും കൊച്ചിയുടെ കരുത്താണ്. കെ എം ആസിഫ് നേതൃത്വം നല്കുന്ന ബൌളിങ് നിരയും ശക്തും. മറുവശത്ത് സൽമാൻ നിസാറിൻ്റെ അഭാവം കാലിക്കറ്റിൻ്റെയും നഷ്ടമാണ്. എന്നാൽ രോഹൻ കുന്നുമ്മലും കൃഷ്ണദേവനും അൻഫലും അജ്നാസും അടങ്ങുന്ന ബാറ്റിങ് നിരയും അഖിൽ സ്കറിയയുടെ ഓൾ റൌണ്ട് മികവും ചേരുമ്പോൾ കൊച്ചിക്ക് കടുത്ത എതിരാളികൾ തന്നെയാണ് കാലിക്കറ്റ്.