

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വനിതാ ലോകകപ്പ് സെമിഫൈനലിൽ മഴസാധ്യത. ഒക്ടോബർ 30ന് നവി മുംബൈയിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. 50 ശതമാനം മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കളി മുടങ്ങിയാൽ നെറ്റ് റൺ റേറ്റും ഗ്രൂപ്പ് ഘട്ടത്തിലെ പോയിൻ്റും പരിഗണിച്ച് ഓസ്ട്രേലിയ ഫൈനലിലെത്തും.
സെമിഫൈനലിനും ഫൈനലിലും ഒരു റിസർവ് ഡേ ഉണ്ട്. 30ന് നടക്കാനുള്ള മത്സാരം മുടങ്ങിയാൽ പിറ്റേന്ന് ഒക്ടോബർ 31ന് മത്സരം നടക്കും. 31ന് കൂടി കളി മുടങ്ങിയാൽ ഓസ്ട്രേലിയ ഫൈനലിലെത്തും. 20 ഓവർ വീതമെങ്കിലും കളിച്ചെങ്കിലേ ഒരു ഏകദിന മത്സരത്തിന് ഫലമുണ്ടാവൂ. ഇതും നടന്നില്ലെങ്കിൽ കളി ഉപേക്ഷിക്കുകയാണ് പതിവ്.
ആകെ ഏഴ് മത്സരങ്ങളിൽ ആറും വിജയിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നു. ശ്രീലങ്കക്കെതിരായ കളി മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആകെ 13 പോയിൻ്റുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ. അവസാന സ്ഥാനക്കാരായാണ് ഇന്ത്യ സെമി യോഗ്യത നേടിയത്. ഏഴ് മത്സരങ്ങളിൽ വെറും മൂന്നെണ്ണത്തിൽ മാത്രമേ ഇന്ത്യക്ക് വിജയിക്കാനായുള്ളൂ. ആകെ ഏഴ് പോയിൻ്റാണ് ഇന്ത്യക്ക് ലഭിച്ചത്. ഓസ്ട്രേലിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
ശ്രീലങ്ക, പാകിസ്താൻ, ന്യൂസീലൻഡ് എന്നീ ടീമുകളെയാണ് ഇന്ത്യ തോല്പിച്ചത്. ബംഗ്ലാദേശിനെതിരായ കളി മഴയിൽ മുടങ്ങി. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെ ഇന്ത്യ പരാജയപ്പെട്ടു. ഈ നാല് ടീമുകളാണ് സെമിഫൈനലിൽ പരസ്പരം മത്സരിക്കുന്നത്. ഇന്നത്തെ സെമിഫൈനലിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഏറ്റുമുട്ടുക. നവംബർ രണ്ടാം തീയതിയാണ് ഫൈനൽ മത്സരം നടക്കുക.