

ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ ബാറ്റിങ് തെരഞ്ഞെടുത്തു. മത്സരത്തിൽ 201 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. എയ്ഡൻ മാർക്രം - റിയാൻ റിക്കിൾട്ടൺ കൂട്ടുകെട്ട് നല്ല തുടക്കമാണ് ടീമിനു നൽകിയത്. എന്നാൽ, രണ്ട് ഓപ്പണർമാരെയും അർധ സെഞ്ചുറി കടക്കും മുൻപേ ഇന്ത്യ പുറത്താക്കി.
ദക്ഷിണാഫ്രിക്കൻ സ്കോർ 82 റൺസിലെത്തിയപ്പോൾ മാർക്രമിന്‍റെ വിക്കറ്റാണ് ആദ്യം വീണത്. 81 പന്തിൽ 38 റൺസെടുത്ത മാർക്രമിനെ ജസ്പ്രീത് ബുംറ ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. ആദ്യ സെഷനിൽ ഈയൊരു വിക്കറ്റ് മാത്രമാണ് വീണത്. രണ്ടാം സെഷന്‍റെ തുടക്കത്തിൽ തന്നെ, 82 പന്തിൽ 35 റൺസെടുത്ത റിക്കിൾട്ടണെ കുൽദീപ് യാദവ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് ഇന്ത്യക്ക് രണ്ടാം വിക്കറ്റും സമ്മാനിച്ചു. തുടർന്ന്, ട്രിസ്റ്റൻ സ്റ്റബ്സിനെയും (49) വിയാൻ മുൾഡറെയും (13) കൂടി കുൽദീപ് തന്നെ കൂടാരം കയറ്റി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ബവുമ (41) രവീന്ദ്ര ജഡേജയുടെ പന്തിലും പുറത്തായി.
ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരുക്കേറ്റ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പകരം ബി. സായ് സുദർശൻ പ്ലെയിങ് ഇലവനിലെത്തി. ഇടങ്കയ്യൻമാരുടെ ആധിക്യം കുറയ്ക്കാൻ അക്ഷർ പട്ടേലിനു പകരം പേസ് ബൗളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗില്ലിന്‍റെ അഭാവത്തിൽ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കുന്നു.
ദക്ഷിണാഫ്രിക്കൻ ടീമിലും ഒരു മാറ്റമുണ്ട്. പേസ് ബൗളർ കോർബിൻ ബോഷിനു പകരം സ്പിൻ ബൗളിങ് ഓൾറൗണ്ടർ സെനുരൻ മുത്തുസാമിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. സ്പെഷ്യലിസ്റ്റ് പേസ് ബൗളറായി മാർക്കോ യാൻസൻ മാത്രമാണ് ടീമിലുള്ളത്. ബാറ്റിങ് ഓൾറൗണ്ടറായ വിയാൻ മുൾഡറായിരിക്കും യാൻസനൊപ്പം ന്യൂബോൾ എടുക്കുക.