
ജൂലൈ 2ന് ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ഫാസ്റ്റ് ബോളർ ജോഫ്ര ആർച്ചറിനെ ഉൾപ്പെടുത്തി. പരുക്കു മൂലം ആർച്ചർ 4 വർഷമായി ടെസ്റ്റ് കളിച്ചിട്ടില്ല. ഇന്ത്യയ്ക്കെതിരെ അഹമ്മദാബാദിലായിരുന്നു അവസാന മത്സരം. 13 ടെസ്റ്റ് കളിച്ചിട്ടുള്ള ആർച്ചർ ടീമിലെത്തുന്നത് ഇംഗ്ലിഷ് ബോളിങ്ങിന്റെ ശക്തി കൂട്ടും.
ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ 5 വിക്കറ്റ് ജയം നേടിയ ഇംഗ്ലണ്ട് ടീമിൽ വേറെ മാറ്റങ്ങളില്ല. അതേസമയം, രണ്ടാം ടെസ്റ്റിൽ പേസർ ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്കായി കളിക്കില്ല. ജൂലൈ 2 നു ബർമിങ്ങാമിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക. വർക്ക്‌ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി രണ്ടാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം അനുവദിക്കുമെന്നും മൂന്നാം ടെസ്റ്റിനുള്ള ടീമിൽ തിരിച്ചെത്തുമെന്നുമാണ് റിപ്പോർട്ട്.
ജൂലൈ 10 മുതൽ ലോഡ‍്സിലാണ് മൂന്നാം ടെസ്റ്റ് മത്സരം. ഇംഗ്ലണ്ടിനെതിരെ 3 ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് ബുമ്ര കളിക്കുകയെന്നും ടീം മാനേജ്മെന്റ് പരമ്പരയ്ക്കു മുമ്പ് അറിയിച്ചിരുന്നു. ബുമ്രയുടെ പകരക്കാരനായി ആകാശ് ദീപോ, അർഷ്ദീപ് സിങ്ങോ കളിക്കാനാണു സാധ്യത.