
ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യത്തിനു വെങ്കലം. പുരുഷ ഡബിൾസ് സെമിയിൽ ഇന്ത്യൻ സഖ്യത്തിന് തോൽവി. ചൈനയുടെ 11–ാം സീഡ് ചെൻ ബോയെങ്– ല്യൂ യി സഖ്യത്തിനു മുന്നിൽ കീഴടങ്ങി (19-21, 21-18, 12-21). ലോക ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ഡബിൾസ് ടീമെന്ന നേട്ടമാണ് ഇതോടെ ഇവർക്കു നഷ്ടമായത്. 2022ലെ ലോക ചാംപ്യൻഷിപ്പിലും സാത്വിക്–ചിരാഗ് സഖ്യം വെങ്കലം നേടിയിരുന്നു. ഇത്തവണത്തെ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഏക മെഡലാണിത്.
കഴിഞ്ഞ ദിവസം ക്വാർട്ടർ ഫൈനലിൽ മലേഷ്യൻ സഖ്യത്തെ അട്ടിമറിച്ച ഇന്ത്യൻ താരങ്ങൾക്ക് ഇന്നലെ ആ മികവ് ആവർത്തിക്കാനായില്ല. ആദ്യ ഗെയിമിൽ പൊരുതിത്തോറ്റ സാത്വിക്കും ചിരാഗും രണ്ടാം ഗെയിമിൽ തിരിച്ചടിച്ചതോടെ മത്സരം മൂന്നാം ഗെയിമിലേക്കു നീണ്ടു. എന്നാൽ ഇന്ത്യൻ സഖ്യത്തിന്റെ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് മുന്നേറിയ ചൈനീസ് താരങ്ങൾ 9–0, 11–3 എന്നിങ്ങനെ മികച്ച ലീഡിൽ മുന്നേറി ജയമുറപ്പിച്ചു.