

ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ഇന്ത്യൻ ട്വന്റി20 ടീമിലുള്ളപ്പോൾ, സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടുമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഫിനിഷർ റോളിൽ ജിതേഷ് ശർമയുടെ സാന്നിധ്യവും സഞ്ജുവിന് തിരിച്ചടിയാണെന്നും അശ്വിൻ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.
"സഞ്ജു കളിക്കുന്നതിനെക്കുറിച്ചും പ്ലേയിങ് ഇലവനിൽ ഇടമില്ലാത്തതിനെക്കുറിച്ചും ഒരുപാടു ചർച്ചകൾ നടക്കാറുണ്ട്. ടീമില്‍നിന്നു പുറത്താകുമ്പോള്‍ സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങൾ ലഭിച്ചോയെന്നൊക്കെ ചോദ്യം ഉയരും. ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ഇവിടെയുള്ളത്, സഞ്ജുവിന് പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തുന്നതിന് ബുദ്ധിമുട്ടാകും. അഞ്ചാം നമ്പരിൽ സഞ്ജു അധികം കളിച്ചിട്ടില്ല. എന്നാൽ ഫിനിഷർ റോളിൽ മികവുള്ള ജിതേഷ് ശർമ ഇവിടെയുണ്ട്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ ജിതേഷ് ആ സ്ഥാനത്താണു കളിച്ചത്. ഇതും സഞ്ജുവിനു തിരിച്ചടിയാകും.’’
‘‘സഞ്ജു സാംസണെ മൂന്നാം നമ്പരിൽ ഇറക്കുകയെന്നതാണു മറ്റൊരു സാധ്യത. സ്പിന്നർമാർക്കെതിരെ അദ്ദേഹത്തെ നന്നായി ഉപയോഗിക്കാൻ സാധിക്കും.’’– അശ്വിൻ പറഞ്ഞു.
‘‘അഞ്ചു വിക്കറ്റുകൾ നഷ്ടമായ ശേഷം 170ന് മുകളിൽ സ്കോർ ഇന്ത്യയ്ക്കു കണ്ടെത്താൻ സാധിച്ചതു വലിയ കാര്യമാണ്. ഹാർദിക് പാണ്ഡ്യയുടെ പ്രകടനം കണ്ടാൽ അദ്ദേഹം പരുക്കുമാറി തിരിച്ചുവന്നതാണെന്നു തോന്നില്ല. ഇന്ത്യയെ തടഞ്ഞുനിർത്താൻ ആവശ്യമായ കരുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടെന്നു തോന്നുന്നില്ല. എത്ര വിക്കറ്റ് വീണെന്ന് പാണ്ഡ്യ ചിന്തിക്കുന്നുപോലുമില്ല. അടിക്കാൻ കിട്ടുന്ന പന്തുകളെല്ലാം പാണ്ഡ്യ തകർത്തടിക്കുന്നു. പാണ്ഡ്യയ്ക്കു പകരം മറ്റൊരു താരത്തെ കൊണ്ടുവരുന്നത് ഇന്ത്യയ്ക്കു ബുദ്ധിമുട്ടാകും.’’– അശ്വിൻ വ്യക്തമാക്കി.