
ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുകയാണ്. സഞ്ജു കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഏറെക്കുറെ തീരുമാനത്തിലായിട്ടുണ്ട്. പലകാര്യങ്ങളും സൂചിപ്പിക്കുന്നത് സഞ്ജു കളിക്കില്ലെന്നാണ്. അഭിഷേക് ശർമ്മ- ഒന്നാം നമ്പർ ടി20 ബാറ്റർ, ശുഭ്മൻ ഗിൽ- വൈസ് ക്യാപ്റ്റൻ എന്നിവരാവും ഓപ്പണിംഗ്. മൂന്നാം നമ്പറിൽ ടി20 റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരനായ തിലക് വർമ്മ കളിക്കും. അതുകൊണ്ട് തന്നെ ഈ സ്ഥാനങ്ങളിൽ സഞ്ജു ഇല്ലെന്ന് ഉറപ്പാണ്. നാലാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഞ്ചാം നമ്പറിൽ ഹാർദിക് പാണ്ഡ്യ, ആറാം നമ്പരിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ. ജിതേഷിനെ മാറ്റി അഞ്ചാം നമ്പരിൽ സഞ്ജുവിനെ പരിഗണിക്കാവുന്നതാണ്. എന്നാൽ, ഫിനിഷറായി ഐപിഎലിലും ഇന്ത്യൻ ടീമിലും മികച്ചുനിൽക്കുന്ന താരമാണ് ജിതേഷ്.
സ്പിന്നർമാരെ തുണയ്ക്കുന്ന യുഎഇ പിച്ചിൽ വരുൺ ചക്രവർത്തി സ്പെഷ്യലിസ്റ്റ് സ്പിന്നറും അക്സർ പട്ടേൽ സ്പിൻ ഓൾറൗണ്ടറുമാവും. ഏഴാം നമ്പരിൽ ശിവം ദുബേ. ഈ റോളിൽ റിങ്കു സിംഗിനും സാധ്യതയുണ്ടെങ്കിലും ഓൾറൗണ്ടർ ആണെന്നത് ശിവം ദുബേയ്ക്ക് ഗുണം ചെയ്യും. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും സ്പെഷ്യലിസ്റ്റ് പേസർമാർ. ഹാർദിക് പാണ്ഡ്യയിൽ പേസ് ബൗളിംഗ് ഓൾറൗണ്ടറുണ്ട്. ഏഴ് ബൗളിംഗ് ഓപ്ഷനും എട്ട് ബാറ്റിംഗ് ഓപ്ഷനുമാണ് ഈ ഇലവനിൽ ടീം ഇന്ത്യക്കുള്ളത്. കുൽദീപ് യാദവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കുക ബുദ്ധിമുട്ടാവും. ഇതാണ് യുഎഇക്കെതിരായ സാധ്യതാ ഇലവൻ.