

സൂപ്പർതാരം വിരാട് കോലിക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണി അത്താഴവിരുന്നൊരുക്കിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി റാഞ്ചിയിലെത്തിയ കോലിക്ക് ധോണി തന്റെ വീട്ടിലാണ് വിരുന്നൊരുക്കിയത്. അത്താഴത്തിനു ശേഷം തന്റെ സ്വന്തം കാറിൽ കോലിയെ തിരികെ ഹോട്ടലിലേക്കു കൊണ്ടുപോകുന്ന ധോണിയുടെ ചിത്രം വൈറലാകുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ, മറ്റൊരു ഇന്ത്യൻ താരത്തിന്റെ അതിഥിസൽക്കാരമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെന്നൈ സൂപ്പർ കിങ്സിൽ എം.എസ്.ധോണിയുടെ സഹതാരവും മലയാളിയുമായ സഞ്ജു സാംസനാണ് ആതിഥേയൻ. പക്ഷേ ഇത് നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെയുള്ള ചിത്രങ്ങളാൾ ആണെന്ന് മാത്രം.
എം.എസ്.ധോണിക്കും ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനുമാണ് സഞ്ജു വിരുന്ന് ഒരുക്കിയത്. ‘ടീം സാംസൺ’ എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന പോസ്റ്റിനു താഴെ സഞ്ജു സാംസൺ തന്നെ കമന്റുമായി എത്തിയതോടെയാണ് ചിത്രങ്ങൾ വൈറലായത്. പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉൾപ്പെടെ പേജുകളിൽ ഇതു പങ്കുവയ്ക്കുകയും ചെയ്തു.
കേരളത്തിലെത്തിയ ധോണിക്കും ഗെയ്‌ക്‌വാദിനും നാട്ടിലെ സ്ഥലങ്ങളും ഭക്ഷണങ്ങളും സഞ്ജു പരിചയപ്പെടുത്തുന്ന രീതിയിലാണ് ചിത്രങ്ങൾ. മുണ്ടുടുത്ത് രാത്രിയിൽ നഗരത്തിലൂടെ നടക്കുന്ന ധോണിയെയും കുളത്തിൽ മീൻ പിടിക്കുന്ന ധോണിയെയുമെല്ലാം ചിത്രങ്ങളിൽ കാണാം. ഊണും ചായയും പഴംപൊരിയുമെല്ലാം ധോണിക്കും ഗെയ്‌ക്‌വാദിനും സഞ്ജു വാങ്ങി നൽകുന്നു. ആകെ ഏഴു ചിത്രങ്ങളാണുള്ളത്.
'ദൈവത്തിന്റെ സ്വന്തം നാട്ടിൽ തലയ്ക്കും ഋതുവിനും സഞ്ജു ചേട്ടൻ ആതിഥേയനായപ്പോൾ' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. അവരെ ഉടൻ കേരളത്തിൽ കൊണ്ടുവരാനായി കാത്തിരിക്കുന്നു എന്നായിരുന്നു ഇതിനു സഞ്ജുവിന്റെ കമന്റ്. കമന്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് സിഎസ്കെ പോസ്റ്റ് പങ്കുവച്ചത്.