
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. യുഎഇയെ കേവലം 57 റൺസിന് വീഴ്ത്തിയ ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 4.3 ഓവറിൽ വിജയലക്ഷ്യം കണ്ടു. ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിൽ സഞ്ജു സാംസന്റെ ഗംഭീര പ്രകടനങ്ങളാണ് കാണാനായത്. ശിവം ദുബേയുടെ പന്തിൽ ഒരു ഡൈവിങ് ക്യാച്ച്, ബുംറയുടെ പന്തിൽ ഒരു ബൗണ്ടറി സേവ് എന്നിങ്ങനെ തകർപ്പൻ പ്രകടനങ്ങളും ഒരു കിടിലൻ റണ്ണൗട്ടും സഞ്ജു നേടിയെടുത്തു.
എന്നാൽ, ഈ റണ്ണൗട്ടിൽ യുഎഇയ്ക്ക് വിക്കറ്റ് നഷ്ടമായില്ല. ശിവം ദുബെ എറിഞ്ഞ 13ആം ഓവറിലായിരുന്നു സംഭവം. ബാറ്റ് ചെയ്യുന്നത് ജുനൈദ് സിദ്ധിഖാണ്. മൂന്നാം പന്ത് എറിയുന്നതിനിടെ ദുബേയുടെ ടവൽ താഴെവീണു. ഷോർട്ട് ബോൾ പുൾ ചെയ്യാൻ ശ്രമിച്ചെങ്കിലും ജുനൈദിന് പന്ത് കണക്ട് ചെയ്യാനായില്ല. ജുനൈദ് ടവൽ താഴെ വീണത് അമ്പയറോട് പരാതിപ്പെട്ടു. ഈ സമയത്ത് ക്രീസിന് പുറത്തായിരുന്നു താരം. സഞ്ജു വിക്കറ്റിന് പിന്നിൽ നിന്ന് ഒരു ഡയറക്ട് ത്രോയിലൂടെ കുറ്റി തെറിപ്പിച്ചു. അമ്പയർ ഔട്ട് വിധിച്ചു.
എന്നാൽ, ദുബെയുടെ ടവൽ താഴെപ്പോയതിന് പരാതി പറഞ്ഞുകൊണ്ട് നിൽക്കുകയാണെന്നത് പരിഗണിച്ച് സൂര്യകുമാർ യാദവ് അപ്പീൽ പിൻവലിച്ചു. ജുനൈദ് ക്രീസിൽ തുടരുകയും ചെയ്തു. എന്നാൽ, നാലാം പന്തിൽ താരത്തെ സൂര്യകുമാർ യാദവ് പിടിച്ച് പുറത്തായി.
17 പന്തിൽ 22 റൺസ് നേടിയ അലിഷാൻ ഷറഫുവാണ് യുഎഇയുടെ ടോപ്പ് സ്കോറർ. കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്ത്യപ്പോൾ ശിവം ദുബേ മൂന്ന് വിക്കറ്റിട്ടു. ഇന്ത്യക്കായി മറുപടി ബാറ്റിംഗിൽ അഭിഷേക് ശർമ്മ (16 പന്തിൽ 30), ശുഭ്മൻ ഗിൽ (9 പന്തിൽ 20 നോട്ടൗട്ട്) എന്നിവർ തിളങ്ങി.