

സഞ്ജുവിൻ്റെ ട്രേഡ് ഡീൽ രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് റിപ്പോർട്ട്. മൂന്ന് താരങ്ങൾക്കും ഡീലിനോട് സമ്മതമാണെന്നും വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും ആണ് റിപ്പോർട്ട്. സഞ്ജുവിനെ നൽകി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെയാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിക്കുന്നത്.
മൂന്ന് താരങ്ങളിൽ നിന്നും സമ്മതം വാങ്ങിയിട്ടുണ്ടെന്ന് ഒരു ഫ്രാഞ്ചൈസി ഒഫീഷ്യൽ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മൂന്ന് പേരും കരാർ ഒപ്പിട്ടു കഴിഞ്ഞു. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാവാൻ സമയമെടുക്കും. എന്നാൽ, രണ്ട് ഫ്രാഞ്ചൈസികളും ഇതുവരെ വിവരം ബിസിസിഐ അധികൃതരെയോ ഐപിഎലിലോ അറിയിച്ചിട്ടില്ല. ഏറെ വൈകാതെ തന്നെ അറിയിക്കുമെന്നാണ് വിവരം.
ഡീലിൽ ഉൾപ്പെട്ടിട്ടുള്ള താരങ്ങളിൽ ഒരാൾ (സാം കറൻ) വിദേശി ആയതിനാൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിൽ നിന്ന് എൻഒസി ലഭിക്കേണ്ടതുണ്ട്. എങ്കിലേ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിക്കൂ എന്നുമാണ് ഫ്രാഞ്ചൈസി ഒഫീഷ്യലിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
മാനേജ്മെൻ്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് തനിക്ക് ടീം വിടണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായാണ് സൂചനകൾ. താരലേലത്തിൽ ജോസ് ബട്ട്ലറെ റിലീസ് ചെയ്തത് മുതലാണ് സഞ്ജുവും മാനേജ്മെൻ്റും തമ്മിലുള്ള ബന്ധം വഷളായത്. സഞ്ജു കളിക്കുന്ന ഓപ്പണിങ് സ്ലോട്ടിലേക്ക് വൈഭവ് സൂര്യവൻശിയെയും ലുവാൻ ദ്രെ പ്രിട്ടോറിയസിനെയും കൊണ്ടുവന്ന രാജസ്ഥാൻ കഴിഞ്ഞ സീസണിലേ വേർപിരിയലിൻ്റെ സൂചന നൽകിയിരുന്നു.
കഴിഞ്ഞ സീസണിൽ യശസ്വി ജയ്സ്വാളും വൈഭവും ചേർന്നാണ് ചില മത്സരങ്ങളിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. സഞ്ജു മൂന്നാം നമ്പരിൽ കളിച്ചു. ഇതൊക്കെ താരവും മാനേജ്മെൻ്റുമായുള്ള അസ്വാരസ്യങ്ങൾ ശക്തമാക്കി. ഇതിന് പിന്നാലെ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ്റെ പരിശീലക സ്ഥാനമൊഴിഞ്ഞു. പഴയ പരിശീലകൻ കുമാർ സംഗക്കാര വീണ്ടും പരിശീലകനാവുമെന്നാണ് സൂചന.