മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇന്ത്യൻ പ്രിമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് വിട്ട് അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനു കളിക്കുമെന്ന കാര്യത്തിൽ കൂടുതൽ തെളിവുകൾ. സഞ്ജു സാംസൺ നിലവിൽ യുഎസിലെ കലിഫോർണിയയിലാണെന്നും, മേജർ ക്രിക്കറ്റ് ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമസ്ഥതയിലുള്ള ടെക്സസ് സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം അവിടെയാണെന്നുമാണ് ആരാധകരുടെ കണ്ടെത്തൽ. ഇതിനു തെളിവായി സഞ്ജു പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെയാണ് ആരാധകർ പങ്കുവച്ചിട്ടുള്ളത്.
കലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലേക്ക് എത്തുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായാണ് ആരാധകരുടെ ചർച്ച. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇതിനു തെളിവായി അവർ നിരത്തുന്നത്. ജൂൺ 13ന് യുഎസിലെ വിവിധ നഗരങ്ങളിലായി ആരംഭിക്കുന്ന മേജർ ക്രിക്കറ്റ് ലീഗുമായാണ് ആരാധകർ ഇതിനെ ബന്ധിപ്പിക്കുന്നത്.
ചെന്നൈ സൂപ്പർ കിങ്സ് ഉടമകളുടെ സ്വന്തം ടെക്സസ് സൂപ്പർ കിങ്സ് മേജർ ക്രിക്കറ്റ് ലീഗിൽ കളിക്കുന്നുണ്ട്. അവരുടെ ആദ്യ മത്സരം എംഐ ന്യൂയോർക്കിനെതിരെ ജൂൺ 14നാണ്. ഈ മത്സരത്തിന്റെ വേദി കലിഫോർണിയയിലെ തന്നെ മറ്റൊരു നഗരമായ ഓക്‌ലൻഡ് ആണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇതെല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്കു തന്നെയാണെന്ന് അവർ ഉറപ്പിക്കുന്നു.
മാത്രമല്ല, സമൂഹമാധ്യമങ്ങളിൽ സഞ്ജു പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ കമന്റ് സെക്ഷനിൽ നിറയെ താരത്തെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള കമന്റുകളാണ്. കഴിഞ്ഞ ദിവസം ഭാര്യ ചാരുലത സാംസണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു കുറിച്ച ക്യാപ്ഷനും താരം ചെന്നൈ സൂപ്പർ കിങ്സിലേക്കാണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.