
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. രാത്രി 8 മണിക്ക് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയ്ക്കും, ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ശ്രീലങ്കയ്ക്കും ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. അതുകൊണ്ട് തന്നെ ഇരുടീമുകളിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്ത്യ പ്രധാന താരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്കെങ്കിലും വിശ്രമം നല്‍കിയേക്കും. അവസരം ലഭിക്കാത്ത താരങ്ങളില്‍ ചിലരെ ഇന്ന് പ്ലേയിങ് ഇലവനില്‍ കളിപ്പിച്ചേക്കും.
അഭിഷേക് ശര്‍മ ഇന്നും ഓപ്പണറായി തന്നെ കളിക്കും. സഹ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മാന്‍ ഗില്ലിന് ഇന്ന് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഏഷ്യാ കപ്പിന് ശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗില്ലാണ് ക്യാപ്റ്റന്‍. വര്‍ക്ക്‌ലോഡ് പരിഗണിച്ച് താരത്തിന് ഇന്ന് വിശ്രമം അനുവദിച്ചേക്കും. അങ്ങനെ ഗില്ലിന് വിശ്രമം അനുവദിച്ചാല്‍ സഞ്ജു സാംസണ്‍ അഭിഷേകിനൊപ്പം ഓപ്പണറാകും.
ഗില്‍ ഓപ്പണറാകുന്നതിന് മുമ്പ് ടി20യില്‍ സഞ്ജുവും അഭിഷേകുമായിരുന്നു ഓപ്പണര്‍മാര്‍. ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം സഞ്ജു കാഴ്ച വച്ചിട്ടുണ്ട്. ഗില്‍ ഇന്നും കളിക്കുകയാണെങ്കിൽ സഞ്ജു പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകാനും സാധ്യതയുണ്ട്. അവസരം കാത്തിരിക്കുന്ന ജിതേഷ് ശര്‍മയെ ചിലപ്പോള്‍ സഞ്ജുവിന് പകരം ഇന്ന് കളിപ്പിച്ചേക്കും. വണ്‍ ഡൗണായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവെത്തും. നാലാം സ്ഥാനത്ത് തിലക് വര്‍മയും കളിക്കും. വിന്നിങ് കോമ്പിനേഷനില്‍ പൊളിച്ചുപണി നടത്തിയില്ലെങ്കില്‍ സഞ്ജു അഞ്ചാമത് തുടരും. ഇതുവരെ അവസരം ലഭിക്കാത്ത റിങ്കു സിങ് ഇന്ന് കളിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ തിലക് വര്‍മയെ ഇന്ന് മാറ്റി നിര്‍ത്തേണ്ടി വരും. തിലക് കളിച്ചില്ലെങ്കില്‍ സഞ്ജു നാലാം നമ്പറിലും, റിങ്കു അഞ്ചാമതും കളിക്കാനാണ് സാധ്യത
ഓള്‍ റൗണ്ടര്‍മാരായി ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ തുടരും. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരില്‍ ഒരാള്‍ക്കും വിശ്രമം നല്‍കിയേക്കും. പകരം ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ് എന്നിവരെ ഇറക്കും.