

മലയാളി താരം സഞ്ജു സാംസൺ ട്രേഡിംഗിലൂടെ ഡൽഹി ക്യാപിറ്റൽസിലെത്തുമെന്ന വാർത്തകൾ ശക്തി പ്രാപിക്കുന്നു. ഇരു ടീമുകൾക്കും നേട്ടമുള്ള ഡീൽ ആയതുകൊണ്ട് ഇതിൽ ഏറെക്കുറെ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി ക്യാപിറ്റൽസിൽ സഞ്ജു ക്യാപ്റ്റനാവില്ലെന്നും താരമായി മാത്രം കളിക്കുമെന്നുമാണ് റിപ്പോർട്ട്.
സഞ്ജു സാംസൺ – ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരെ പരസ്പരം കൈമാറാനാണ് ഇരു ടീമുകളും തമ്മിൽ ധാരണയായിരിക്കുന്നത്. കഴിഞ്ഞ സീസണുകളിലെല്ലാം രാജസ്ഥാനെ വലച്ചിരുന്നത് നല്ല ഒരു ഫിനിഷറാണ്. ഷിംറോൺ ഹെട്മെയർ ഉണ്ടെങ്കിലും 4 /5 നമ്പരുകളിൽ ഒരു നല്ല താരത്തെ രാജസ്ഥാന് ലഭിച്ചിരുന്നില്ല. ഈ സ്ഥാനത്തേക്കാണ് രാജസ്ഥാൻ സ്റ്റബ്സിനെ പരിഗണിക്കുന്നത്. ഓപ്പണിംഗിൽ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും കളിക്കും. മൂന്നാം നമ്പറിൽ റിയാൻ പരാഗിനെയോ ലുവാൻ ഡി പ്രിട്ടോറിയസിനെയോ പരിഗണിക്കും. പരാഗ് മൂന്നാം നമ്പരിൽ കളിച്ചാൽ സ്റ്റബ്സ് നാലാം നമ്പരിലും പരാഗ് നാലാം നമ്പരിലാണെങ്കിൽ സ്റ്റബ്സ് അഞ്ചാം നമ്പരിലും ഇറങ്ങും. റിയാൻ പരാഗ് തന്നെയാവും ക്യാപ്റ്റൻ.
ഡൽഹി ക്യാപിറ്റൽസിനെ പരിഗണിക്കുമ്പോൾ ഫാഫ് ഡുപ്ലെസിക്ക് പകരമാവും സഞ്ജു ഓപ്പണിംഗിലേക്കെത്തുക. സഞ്ജു- കെഎൽ രാഹുൽ ഓപ്പണിംഗ് സഖ്യം വളരെ മികച്ചതാവുമെന്ന് മാനേജ്മെൻ്റ് കരുതുന്നു. സ്റ്റബ്സ് കളിച്ചിരുന്ന നമ്പറിൽ അശുതോഷ് ശർമ്മയ്ക്കും ഡോണോവൻ ഫെരേരയ്ക്കും കളിക്കാം. ഒരു വിദേശതാരമായ ഡുപ്ലെസിക്ക് പകരം സഞ്ജു ടീമിലെത്തുമ്പോൾ മറ്റൊരു വിദേശതാരത്തെ പരിഗണിക്കാനുള്ള ഓപ്ഷനും ഡൽഹിയ്ക്കുണ്ട്. നിലവിൽ അക്സർ പട്ടേലാണ് ടീമിൻ്റെ ക്യാപ്റ്റൻ. സഞ്ജു എത്തിയാലും അക്സറിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയേക്കില്ല.