

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയെന്ന വാർത്തകൾ പരോക്ഷമായി സ്ഥിരീകരിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് മുൻ താരമായ ആർ അശ്വിനും ഫിറ്റ്നസ് ട്രെയിനർ എടി രാജാമണിയും. ഇരുവരും സഞ്ജുവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇരുവരും ഈ റിപ്പോർട്ടുകൾ പരോക്ഷമായി ശരിവച്ചത്.
തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അശ്വിൻ രംഗത്തുവന്നത്. സഞ്ജുവുമായുള്ള അഭിമുഖത്തിനിടെ ചെന്നൈയിലേക്കുള്ള ട്രേഡ് ഡീലിനെപ്പറ്റി സംസാരിക്കുന്ന ഭാഗം അശ്വിൻ പങ്കുവച്ചു.
"എനിക്ക് ചോദിക്കാൻ കുറേ ചോദ്യങ്ങളുണ്ട്. പക്ഷേ, അതിന് മുൻപ് ട്രേഡ് ഡീലിലേക്ക് വരാമെന്ന് ഞാൻ കരുതി. ഞാൻ ട്രേഡിന് തയ്യാറാണ്. കേരളത്തിൽ താമസിക്കാൻ എനിക്ക് സന്തോഷമാണ്. ഒരുപാട് അഭ്യൂഹങ്ങളുണ്ട്. അതേപ്പറ്റി ചോദിക്കാമെന്ന് കരുതി."- അശ്വിൻ്റെ വിഡിയോയിൽ പറയുന്നു.
തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് രാജാമണി ഇക്കാര്യത്തിൽ സൂചന നൽകിയത്. സഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച രാജാമണി ചെന്നൈ സൂപ്പർ കിംഗ്സിനെ സൂചിപ്പിക്കുന്ന ഒരു സിംഹത്തിൻ്റെ ചിത്രമാണ് അടിക്കുറിപ്പായി നൽകിയത്. ഇതൊക്കെ തെളിയിക്കുന്നത് ഡീൽ നടന്നു എന്നാണ്.
സാം കറൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരമായി സഞ്ജു സാംസണെ നൽകാൻ രാജസ്ഥാൻ റോയൽസ് തയ്യാറായെന്നാണ് റിപ്പോർട്ടുകൾ. ജഡേജ, ബ്രെവിസ് എന്നിവരെയാണ് രാജസ്ഥാൻ ആവശ്യപ്പെട്ടത്. എന്നാൽ, ബ്രെവിസിന് പകരം കറനെ നൽകാമെന്ന് ചെന്നൈ അറിയിച്ചു.