

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പരിഹാസം. താരത്തിന് വണ്ണം വയ്ക്കുന്നുവെന്നും പറഞ്ഞാണ് ചിലര്‍ പരിഹസിക്കുന്നത്. ഓസീസ് പര്യടനത്തിന് മുന്നോടിയായുള്ള താരത്തിന്റെ പരിശീലന ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു സംഘം ബോഡി ഷെയ്മിങ് നടത്തുന്നത്. ‘അണ്‍ഫിറ്റ് അവാര്‍ഡ്’ സഞ്ജുവിന് കൊടുക്കണമെന്നായിരുന്നു ഒരാളുടെ പരിഹാസം. സഞ്ജു സാംസണ്‍ പഴയ രോഹിത് ശര്‍മയെ പോലെയായി എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. വണ്ണത്തിന്റെ പേരില്‍ ഋഷഭ് പന്തിനെ പരിഹസിച്ചവരൊക്കെ ഇപ്പോള്‍ മൗനം പാലിക്കുന്നുവെന്നായിരുന്നു വേറൊരാളുടെ ട്വീറ്റ്.
ഇത്തരത്തില്‍ സഞ്ജു വണ്ണം വയ്ക്കുന്നുവെന്ന് പറഞ്ഞ് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുകള്‍ പങ്കുവയ്ക്കുന്നത്. റിങ്കു സിങിനൊപ്പം സഞ്ജു നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് പലരും പരിഹസിക്കുന്നത്. ഈ ചിത്രത്തില്‍ സഞ്ജുവിന് അല്‍പം വണ്ണം വച്ചതുപോലെ തോന്നുമെങ്കിലും, മറ്റ് ചിത്രങ്ങളില്‍ അങ്ങനെ തോന്നില്ല. ഓസ്‌ട്രേലിയയിലെ തണുപ്പ് മൂലം താരങ്ങള്‍ പരിശീലന ജഴ്‌സിക്ക് പുറമെ കോട്ട് ധരിച്ചിട്ടുണ്ട്. ഇതുകൊണ്ടാകാം സഞ്ജുവിന് വണ്ണം വച്ചതുപോലെ ചില ആരാധകര്‍ക്ക് തോന്നിയത്. എന്നാല്‍, ഇതിന്റെ പേരില്‍ താരത്തിനെതിരെ ട്വിറ്ററില്‍ നിരവധി പേര്‍ പരിഹാസ ട്വീറ്റുകള്‍ ചെയ്തു.
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.45ന് മെല്‍ബണിലാണ് മത്സരം. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരത്തില്‍ സഞ്ജു സാംസണ്‍ അഞ്ചാം നമ്പറില്‍ കളിക്കും. പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇന്ന് കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. സൂര്യകുമാര്‍ യാദവും സംഘവും വിജയപ്രതീക്ഷയിലാണ്.