പ്രിയപ്പെട്ട സഞ്ജു സാംസണ് ഇന്ന് 31-ാം പിറന്നാൾ: ആ വമ്പൻ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമോ ? | Sanju Samson

പിറന്നാൾ ദിനത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് സമൂഹമാധ്യമങ്ങളിൽ സഞ്ജുവിന് ആശംസ നേർന്നിരുന്നു.
പ്രിയപ്പെട്ട സഞ്ജു സാംസണ് ഇന്ന് 31-ാം പിറന്നാൾ: ആ വമ്പൻ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമോ ? | Sanju Samson
Published on

തിരുവനന്തപുരം: മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസൺ ഇന്ന് 31-ാം പിറന്നാൾ ആഘോഷിക്കുന്നു. ഐപിഎൽ താരക്കൈമാറ്റ ചർച്ചകൾ അന്തിമ ഘട്ടത്തിൽ നിൽക്കെയാണ് രാജസ്ഥാൻ റോയൽസ് നായകന്റെ ഈ പിറന്നാളാഘോഷം എന്ന പ്രത്യേകതയുണ്ട്. സഞ്ജുവിനെ ടീമിലെത്തിക്കാനുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) നീക്കങ്ങൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പിറന്നാൾ ദിനത്തിൽ തന്നെ സിഎസ്‌കെ ആ 'വമ്പൻ പ്രഖ്യാപനം' നടത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.(Sanju Samson celebrates his 31st birthday today, Will that big announcement happen today?)

അനിശ്ചിതത്വങ്ങൾക്കൊടുവിൽ സഞ്ജു ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തുമെന്ന കാര്യം ഉറപ്പായെന്നും, താരക്കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും റിപ്പോർട്ട് ചെയ്തു. രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ സ്വന്തമാക്കാനാണ് സിഎസ്‌കെയുടെ തീരുമാനം. പിറന്നാൾ ദിനത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് സമൂഹമാധ്യമങ്ങളിൽ സഞ്ജുവിന് ആശംസ നേർന്നിരുന്നു.

2015 ജൂലൈ ഒമ്പതിന് സിംബാബ്‌വെക്കെതിരെ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയ സഞ്ജു, 2021-ൽ ശ്രീലങ്കക്കെതിരെയാണ് ഏകദിന ടീമിലെത്തിയത്. ഒരു ദശാബ്ദം നീണ്ട രാജ്യാന്തര കരിയറിൽ ഇന്ത്യക്കായി 51 ടി20 മത്സരങ്ങളിലും 16 ഏകദിന മത്സരങ്ങളിലും മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്.

ഗൗതം ഗംഭീർ പരിശീലകനായി എത്തിയശേഷം ടി20 ടീമിന്റെ ഓപ്പണർ റോളിലെത്തിയ സഞ്ജു ഒരു കലണ്ടർ വർഷം മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരകളിലായിരുന്നു ഈ സെഞ്ചുറികൾ.

ഓപ്പണറായി സഞ്ജു സ്ഥാനമുറപ്പിച്ചുവെന്ന് കരുതിയപ്പോഴാണ് ശുഭ്മാൻ ഗില്ലിനെ ടീമിലേക്ക് തിരിച്ചുവിളിച്ചതും ഓപ്പണറായി കളിപ്പിച്ചതും. ഇതോടെ മധ്യനിരയിലേക്ക് മാറേണ്ടിവന്ന സഞ്ജു, ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ തിലക് വർമക്കൊപ്പം നിർണ്ണായക കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ കിരീടനേട്ടത്തിൽ വലിയ പങ്കുവഹിച്ചു. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചത്.

ഓപ്പണറായി ഇറങ്ങിയ ശുഭ്മാൻ ഗിൽ നിരാശപ്പെടുത്തിയ പശ്ചാത്തലത്തിൽ, മൂന്ന് മാസത്തിനപ്പുറം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ സഞ്ജു വീണ്ടും ഓപ്പണറായി തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. 2013-ൽ പതിനെട്ടാം വയസ്സിൽ രാജസ്ഥാൻ കുപ്പായമണിഞ്ഞ സഞ്ജു, 19-ാം വയസ്സിൽ ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

2021-ൽ ടീമിന്റെ നായകനായി വളർന്ന അദ്ദേഹം രാജസ്ഥാനെ 2022-ൽ ഫൈനലിലെത്തിക്കാനും 2024-ൽ പ്ലേ ഓഫിലെത്തിക്കാനും സഹായിച്ചു. രാജസ്ഥാൻ കുപ്പായത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററും സഞ്ജുവാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കുള്ള കൂടുമാറ്റം യാഥാർത്ഥ്യമായാൽ, സാക്ഷാൽ എം.എസ്. ധോണിയുടെ പിൻഗാമിയെന്ന വലിയ നേട്ടവും സഞ്ജുവിന് സ്വന്തമാകും.

Related Stories

No stories found.
Times Kerala
timeskerala.com