
സഞ്ജു സാംസണെപ്പോലൊരു താരം ടീമിലുണ്ടെങ്കിൽ ഒരിക്കലും പ്ലേയിങ് ഇലവനിൽനിന്നു മാറ്റിനിർത്താൻ സാധിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഏഷ്യാകപ്പിൽ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചു ചർച്ചകൾ തുടരവെയാണ് സുനിൽ ഗാവസ്കറുടെ പ്രതികരണം. സഞ്ജു ഓപ്പണിങ് ബാറ്ററുടെ റോളിലോ, ഫിനിഷറുടെ റോളിലോ ഇറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ സഞ്ജുവിനെ പല പൊസിഷനുകളിലും പരീക്ഷിക്കാൻ സാധിക്കുമെന്നാണ് ഗാവസ്കറുടെ നിലപാട്.
‘‘സഞ്ജുവിനെപ്പോലൊരു താരം നമ്മുടെ പ്രധാന ടീമിലുണ്ടെങ്കിൽ അദ്ദേഹത്തെ ഒരിക്കലും ബെഞ്ചിൽ ഇരുത്താനാകില്ല. ടീം സിലക്ഷന്റെ കാര്യം ഏതൊരു സിലക്ഷൻ കമ്മിറ്റിക്കും സുഖമുള്ള തലവേദനയാണു സമ്മാനിക്കുക. കാരണം നിങ്ങൾക്കു യോഗ്യരായ രണ്ടു ബാറ്റർമാരെ ഒരേ പൊസിഷനിൽ ലഭിക്കുന്നു. സഞ്ജുവിന് മൂന്നാം നമ്പരിൽ ബാറ്റു ചെയ്യാൻ സാധിക്കും. വേണ്ടിവന്നാൽ ആറാം നമ്പരിൽ ഫിനിഷറായും ഇറങ്ങും. ജിതേഷ് ശർമയും നന്നായി കളിക്കുന്നുണ്ട്. ആദ്യത്തെ കുറച്ചു മത്സരങ്ങളിൽ സഞ്ജുവിനെ തന്നെ ഇറക്കുമെന്നാണ് എനിക്കു തോന്നുന്നത്. സഞ്ജുവിന്റെ പ്രകടനം നോക്കിയായിരിക്കും പിന്നീടത്തെ കാര്യങ്ങൾ തീരുമാനിക്കുക.’’– ഗാവസ്കർ വ്യക്തമാക്കി.