ഓപ്പണിങ്ങിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് സഞ്ജു ഇന്നലെ തെളിയിച്ചു; 51 പന്തിൽ 121 റൺ‌സ് | KCL

കൊച്ചിൻ ബ്ലൂ ടൈഗേഴ്‌സിന്റെ വിജയശില്പി; ഇന്ത്യൻ സെലക്ടർമാർ കണ്ണ് തുറന്ന് കാണൂ...
KCL
Published on

കേരള ക്രിക്കറ്റ് ലീഗിൽ ആദ്യമായി ബാറ്റിങ്ങിന് ലഭിച്ച അവസരത്തിൽ മധ്യനിരയിൽ പാളിച്ച പറ്റിയെങ്കിലും തൊട്ടടുത്ത മത്സരത്തിൽ തന്റെ സ്വാഭാവിക പൊസിഷനായ ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണിന് അതിവേഗ സെഞ്ചറി. കാര്യവട്ടം സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം 22 പന്തിൽ ഒരു ബൗണ്ടറി പോലുമില്ലാതെ 13 റൺസെടുത്ത് നിരാശപ്പെടുത്തിയ സഞ്ജു, ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ തകർപ്പൻ സെഞ്ചറിയുമായി കരുത്തുകാട്ടി.

നിലവിലെ ചാംപ്യൻമാരായ സച്ചിൻ ബേബിയുടെ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തിൽ 51 പന്തിൽ സഞ്ജു അടിച്ചുകൂട്ടിയത് 121 റൺസാണ്. 237 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയിട്ടും ഏരീസ് കൊല്ലം സെയ്‌ലേഴ്സ് ദയനീയമായി പരാജയപ്പെട്ടു.

ആദ്യ പന്ത് ബൗണ്ടറി അടിച്ചു തുടങ്ങിയ സഞ്ജു 16 പന്തുകളിൽ വേഗമേറിയ അർധ സെഞ്ചറി കുറിച്ചു. പവൻ രാജ് എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ രണ്ടു ഫോറും ഒരു സിക്സും സഹിതം സഞ്ജു അടിച്ചെടുത്തത് 14 റൺസാണ്. 237 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ടീമിന് ഉത്തേജനമായ തുടക്കമാണ് സഞ്ജു നൽകിയത്. 16 പന്തിൽ അർധസെഞ്ചറി നേടിയ സഞ്ജു 42 പന്തിൽ സെഞ്ചറി തികച്ചു. ഒടുവിൽ കൊല്ലം താരം അജയ് ഘോഷ് എറിഞ്ഞ 19–ാം ഓവറിലെ ആദ്യ പന്തിൽ സഞ്ജുവിന് മടങ്ങേണ്ടി വന്നു. യോർക്കർ ലെങ്തിൽ വീണ പന്ത് സ്റ്റംപിൽ നിന്നും മാറി കളിക്കാൻ ശ്രമിച്ച സഞ്ജുവിന്റെ കുറ്റി തെറിപ്പിച്ചു.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ മുഹമ്മദ് ആഷിക്, സഞ്ജുവിന്റെ സെഞ്ചറി പ്രകടനത്തിന് വിജയക്കുറി ചാർത്തി. അവസാന ബോളിൽ സിക്സർ പറത്തിയാണ് മുഹമ്മദ് ആഷിക് (18 ബോളിൽ 45) ടീമിന് വിജയം സമ്മാനിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com