
മലയാള സിനിമ മോഹൻലാൽ എന്ന നടനവിസ്മയത്തിലൂടെ കിരീടം ചൂടി തല ഉയർത്തി നിൽക്കുന്നതിന്റെ സന്തോഷത്തിലാണ് കേരളം. ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ മലയാളികളുടെ ഹൃദയമൊന്നാകെ അഭിമാനം കൊണ്ട് നിറഞ്ഞു. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ കരിയറിനെ തന്റെ ക്രിക്കറ്റ് കരിയറുമായി താരതമ്യം ചെയ്ത് സഞ്ജു സാംസൺ എത്തിയത് മലയാളികൾക്ക് ഏറെ കൗതുകമാകുന്നു.
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ സൂപ്പർ ഫോർ പോരാട്ടത്തിന് മുൻപായി സഞ്ജയ് മഞ്ജരേക്കറുമായി സംസാരിക്കുമ്പോഴാണ് 'സഞ്ജു മോഹൻലാൽ സാംസൺ' എന്ന് സഞ്ജു പറഞ്ഞത്. ഇന്ത്യൻ ട്വന്റി20 ടീമിൽ 12 മാസത്തോളം ഓപ്പണർ സ്ഥാനത്താണ് സഞ്ജു കളിച്ചത്. ആ സ്ഥാനത്ത് മികവ് കാണിക്കുകയും ചെയ്തു. എന്നാലിപ്പോൾ മധ്യനിരയിലേക്ക് മാറേണ്ടി വന്നു എന്നത് ചൂണ്ടിയുള്ള മഞ്ജരേക്കറുടെ ചോദ്യത്തിനാണ് മോഹൻലാലിന്റെ കരിയർ ചൂണ്ടി സഞ്ജു മറുപടി നൽകിയത്.
"അടുത്തിടെ ഞങ്ങളുടെ ലാലേട്ടന്, മോഹൻലാലിന് രാജ്യത്തെ ഏറ്റവും പരമോന്നതമായ അവാർഡുകളിലൊന്ന് ലഭിച്ചു. കഴിഞ്ഞ 40 വർഷത്തിന് മുകളിലായി അദ്ദേഹം അഭിനയിക്കുന്നു.ഞാൻ രാജ്യത്തിനായി 10 വർഷത്തോളമായി കളിക്കുന്നു. എനിക്ക് ഹീറോ റോൾ മാത്രമേ ചെയ്യാനാവു എന്ന് പറയാനാവില്ല. വില്ലനായും ജോക്കറായുമെല്ലാം മാറേണ്ടി വരും. ഓപ്പണറായി റൺസ് സ്കോർ ചെയ്തു അതിനാൽ ടോപ് 3ൽ മികച്ച് നിൽക്കുന്നു എന്ന് എനിക്ക് പറയാനാവില്ല. ഞാൻ ഈ പൊസിഷനിലും കളിച്ച് നോക്കണം. എന്തുകൊണ്ട് എനിക്ക് നല്ലൊരു വില്ലനായിക്കൂടാ? സഞ്ജു മോഹൻലാൽ സാംസൺ," സഞ്ജു പറഞ്ഞു. സഞ്ജുവിന്റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സഞ്ജു പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടുവെങ്കിലും ബാറ്റിങ്ങിന് ഇറക്കിയില്ല. ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ബാറ്റർമാരിൽ സഞ്ജുവിനെ മാത്രമാണ് ഇന്ത്യ ബാറ്റിങ്ങിന് ഇറക്കാതിരുന്നത്. ഏഴാമനായി പോലും സഞ്ജുവിനെ ക്രീസിലേക്ക് ഇറക്കാത്തതിൽ വലിയ വിമർശനമാണ് ഉയരുന്നത്.