
ഏഷ്യാകപ്പ് ക്രിക്കറ്റിലെ യുഎഇക്കെതിരായ മത്സരത്തിൽ സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. വൺഡൗണായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും എത്തി. ടീം ലിസ്റ്റ് പ്രകാരം സഞ്ജുവിന്റെ ബാറ്റിങ് പൊസിഷൻ അഞ്ചാണ്. ഇതു സംബന്ധിച്ച് ചർച്ചകളും വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാലിപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ബാറ്റിങ് കോച്ചായ സിതാൻഷു കോട്ടക്.
സഞ്ജു സാംസൺ അഞ്ചാം നമ്പറിലും ആറാം നമ്പറിലും വേണ്ടത്ര ബാറ്റ് ചെയ്യുന്നില്ല എന്നതുകൊണ്ട് അദ്ദേഹത്തിന് അതിനു കഴിയില്ലെന്ന് അർഥമില്ലെന്ന് കോട്ടക് പറഞ്ഞു. “നോക്കൂ, സഞ്ജു അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ അധികം ബാറ്റ് ചെയ്തിട്ടില്ല. എന്നാൽ അതിനർഥം അദ്ദേഹത്തിന് അതിനു കഴിയില്ല എന്നല്ല. അതിനാൽ. ഏതു നമ്പറിലും ബാറ്റ് ചെയ്യാൻ കഴിവുള്ള താരമാണ് സഞ്ജു എന്നു ഞാൻ കരുതുന്നു. ടീമിന്റെ ആവശ്യകത അനുസരിച്ച്, ക്യാപ്റ്റനും മുഖ്യ പരിശീലകനുമാണ് തീരുമാനിക്കുന്നത്. ഏതു നമ്പറിലും ബാറ്റ് ചെയ്യാൻ അദ്ദേഹം സന്തോഷവാനാണ്.’’– സിതാൻഷു കോട്ടക് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് ബാറ്റിങ് കോച്ചിന്റെ പ്രതികരണം. ഏതു പൊസിഷനിലും ബാറ്റു ചെയ്യാനുള്ള താരങ്ങളുടെ വഴക്കമാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ കരുത്തെന്ന് കോട്ടക് പറഞ്ഞു.
‘‘ഇന്ത്യയുടെ ബാറ്റിങ് നിരയെ നോക്കുകയാണെങ്കിൽ, എല്ലാവർക്കും ഏതു നമ്പറിലും ഇറങ്ങി ബാറ്റ് ചെയ്യാൻ സാധിക്കും. നാലോ അഞ്ചോ ആക്രമണാത്മക കളിക്കാർ ഉണ്ടെങ്കിലും മുഖ്യ പരിശീലകനോ ക്യാപ്റ്റനോ സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കാം. ഏകദേശം എല്ലാവരും ഏതു നമ്പറിലും ബാറ്റു ചെയ്യാൻ തയാറാണ്. കഴിഞ്ഞ മത്സരത്തിൽ സഞ്ജു അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമായിരുന്നു. അടുത്ത മത്സരത്തിൽ അദ്ദേഹം ഏതു നമ്പറിലും ബാറ്റ് ചെയ്തേക്കാം. ഇപ്പോൾ അതു നിശ്ചയിച്ചിട്ടില്ല. എല്ലാവർക്കും അവരുടെ പങ്കിനെക്കുറിച്ച് അറിയാം. അതിനാൽ, സാഹചര്യത്തിനനുസരിച്ച് അവർ തയാറാകും.” - കോട്ടക് കൂട്ടിച്ചേർത്തു. ഇന്ത്യ–പാക്ക് മത്സരം എന്നും ആവേശകരമാണെന്നും അതുകൊണ്ടുതന്നെ കളിയിലല്ലാതെ മറ്റൊന്നിലും ഇന്ത്യൻ ടീം ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.