

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ക്യാപ്റ്റനല്ലെങ്കിലും, ടീമിന്റെ തന്ത്രങ്ങള്‍ മെനയുന്നതില്‍ താരത്തിന് സുപ്രധാന പങ്കുണ്ടെന്ന് വിവരം. കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജുവിന്റെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ടാലന്റ് സ്‌കൗട്ടായ റോബര്‍ട്ട് ഫെര്‍ണാണ്ടസ് സിഎസ്‌കെയില്‍ എത്തിയതിന് പിന്നില്‍ സഞ്ജുവിന് സുപ്രധാന പങ്കുണ്ടെന്നാണ് കരുതുന്നത്. സിഎസ്‌കെയുടെ പുതിയ ടാലന്റ് സ്‌കൗട്ടായാണ് റോബര്‍ട്ട് ഫെര്‍ണാണ്ടസിനെ നിയമിച്ചത്. ഇതോടെ, സിഎസ്‌കെയുടെ ‘അനൗദ്യോഗിക ക്യാപ്റ്റ’നായി സഞ്ജു മാറിയെന്നാണ് വിലയിരുത്തല്‍.
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ടാലന്റ് സ്കൗട്ടായി റോബർട്ട് ഫെർണാണ്ടസിനെ നിയമിച്ചതില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് അഭിമാനം പ്രകടിപ്പിച്ചു. ”കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കുടുംബത്തിന് അഭിമാനകരമായ നിമിഷം! ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ടാലന്റ് സ്കൗട്ടായി മാറിയതിന് ഞങ്ങളുടെ മെന്റർ റോബർട്ട് ഫെർണാണ്ടസിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ മാർഗ്ഗനിർദ്ദേശം, സമർപ്പണം, ദർശനം, കളിയോടുള്ള അഭിനിവേശം എന്നിവ എല്ലാ ദിവസവും ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.”-[ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായപ്പോഴും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സന്തോഷം പ്രകടിപ്പിച്ചിരുന്നു. "ധോണി വിളിച്ചു. സഞ്ജു എത്തി. മഞ്ഞപ്പട ഇപ്പോൾ കൂടുതൽ ഭയാനകമായി. നമ്മുടെ പയ്യൻ മഞ്ഞപ്പടയിലേക്ക് ചുവടുവെക്കുന്നത് കാണുമ്പോൾ കൊച്ചി ബ്ലൂ ടൈഗേഴ്‌സിലെ നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷം. പോയി ഭരിക്കൂ, സഞ്ജു." - എന്നായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
കെസിഎല്‍ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സായിരുന്നു ജേതാക്കള്‍. ഏതാനും മത്സരങ്ങളില്‍ മാത്രമാണ് കളിച്ചതെങ്കിലും, ആ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. വെറും ആറു മത്സരങ്ങളില്‍ മാത്രമാണ് കളിച്ചതെങ്കിലും റണ്‍വേട്ടക്കാരില്‍ നാലാമതെത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു. മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ റോബര്‍ട്ട് ഫെര്‍ണാണ്ടസ് വലിയ പങ്കാണ് വഹിച്ചത്.