
ഇന്ത്യൻ ക്രിക്കറ്റ് താരം അർജുൻ തെൻഡുൽക്കറുമായുള്ള വിവാഹനിശ്ചയത്തിനു ശേഷം തെൻഡുൽക്കർ കുടുംബത്തിനൊപ്പം സാനിയ ചന്ദോക്കിന്റെ മധ്യപ്രദേശ് യാത്ര. അർജുൻ തെൻഡുൽക്കർ ഒപ്പമില്ലെങ്കിലും ഭാവി മരുമകളായ സാനിയയെ സച്ചിൻ കുടുംബത്തിനൊപ്പം കൂട്ടുകയായിരുന്നു. സച്ചിന്റെ മകൾ സാറ തെൻഡുൽക്കറുടെ അടുത്ത സുഹൃത്തു കൂടിയാണ് സാനിയ ചന്ദോക്ക്.
മധ്യപ്രദേശിലെ മഹേശ്വറിലേക്കായിരുന്നു തെൻഡുൽക്കർ കുടുംബത്തിന്റെ യാത്ര. മധ്യപ്രദേശിലെ ഖർഗോൺ നഗരത്തിനടുത്തുള്ള മഹേശ്വർ ഒരു കാലത്ത് ഹോൾകർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. 1818ൽ ഹോൾകർ രാജവംശം തലസ്ഥാനം ഇൻഡോറിലേക്കു മാറ്റുകയായിരുന്നു. മഹേശ്വറിലെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്ന തെൻഡുല്‍ക്കർ കുടുംബത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു.
മുംബൈയിലെ പ്രമുഖ ബിസിനസ് കുടുംബമായ ഘായി കുടുംബത്തിലെ അംഗമാണ് സാനിയ. സാനിയയുടെ മുത്തച്ഛനായ രവി ഇക്ബാൽ ഘായി, മുംബൈ വ്യവസായ ലോകത്തെ ശക്തമായ സാന്നിധ്യമാണ്. ഘായി കുടുംബത്തിന്റെ ഉടസ്ഥതിലുള്ള വ്യവസായ ശൃംഖലയായ ഗ്രാവിസ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ ചെയർമാനുമാനുമാണ്. മുംബൈ ആസ്ഥാനമായി മൃഗപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ ലിമിറ്റഡ് ലയബിലിറ്റി പാർട്നർഷിപ്പിന്റെ സ്ഥാപക ഡയറക്ടറാണ് സാനിയ.