
ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ് വനിതാ വിഭാഗം ട്രിപ്പിൾ ജംപിൽ സാന്ദ്ര ബാബുവിനു സ്വർണ്ണം. പിറ്റിലേക്കുള്ള ടേക്ക് ഓഫിനു തൊട്ടു മുൻപ് കാൽ വഴുതിവീണ് പരുക്കേൽക്കുമ്പോഴും സാന്ദ്ര കേരളത്തിനായി ആദ്യ സ്വർണം ഉറപ്പാക്കിയിരുന്നു. ഇതേ ഇനത്തിൽ കേരളത്തിന്റെ അലീന സജി വെള്ളിയും നേടി. ചെന്നൈ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ട് നടന്ന ട്രിപ്പിൾ ജംപ് മത്സരമാണ് കേരളത്തിന് സന്തോഷവും സങ്കടവും നൽകിയത്.
ആദ്യ ശ്രമത്തിൽ 13.16 മീറ്റർ ചാടി ലീഡ് നേടിയ സാന്ദ്ര രണ്ടാം ശ്രമത്തിൽ 13.20 മീറ്ററാക്കി ഉയർത്തി. അലീന 13.15 മീറ്റർ ചാടി തൊട്ടരികെ എത്തിയതോടെ മത്സരം മുറുകി. സ്വർണം ഉറപ്പാക്കിയ ശേഷം പ്രകടനം മെച്ചപ്പെടുത്താനായി സാന്ദ്ര ശ്രമിക്കവെയായിരുന്നു വീഴ്ച. വലതുകാൽ മുട്ടിന് പരുക്കേറ്റ സാന്ദ്രയെ കൂടുതൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. നാളെ നടക്കുന്ന ലോങ്ജംപിൽ സാന്ദ്ര മത്സരിക്കുന്ന കാര്യം ഉറപ്പില്ല.
ആകെ 7 ഫൈനലുകൾ നടന്ന മേളയുടെ ആദ്യദിനത്തിൽ വനിതകളുടെ ട്രിപ്പിൾ ജംപിൽ നിന്ന് ലഭിച്ച 2 മെഡലുകളാണ് കേരളത്തിനുള്ളത്. പുരുഷ വിഭാഗം 100 മീറ്ററിൽ തമിഴ്നാടിന്റെ എസ്.തമിഴരസ് മീറ്റ് റെക്കോർഡോടെ സ്വർണം നേടി. പുരുഷ പോൾവോൾട്ടിൽ തമിഴ്നാടിന്റെ ആർ.റീജൻ, എം.ഗൗതം എന്നിവരും മീറ്റ് റെക്കോർഡോടെ സ്വർണം നേടി. തമിഴ്നാടിന്റെ ധനലക്ഷ്മിയാണ് വനിതകളിലെ വേഗതാരം.
ചാംപ്യൻഷിപ്പിൽ ഇന്ന് ആകെ 7 ഇനങ്ങളുടെ ഫൈനൽ നടക്കും. പുരുഷ–വനിത 400 മീറ്റർ, 1500 മീറ്റർ, വനിതകളുടെ പോൾവോൾട്ട്, ഷോട്പുട്, പുരുഷ വിഭാഗം ഡിസ്കസ് ത്രോ എന്നിവയാണ് പ്രധാന മത്സരങ്ങൾ. വനിതകളുടെ 400 മീറ്റർ, പോൾവോൾട്ട് എന്നിവയിൽ കേരളത്തിന് മെഡൽ പ്രതീക്ഷയുണ്ട്.