
ന്യൂഡൽഹി: മുൻ ബാഡ്മിന്റൻ താരം പി.കശ്യപുമായുള്ള ഏഴു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൻ താരം സൈന നെഹ്‍വാൾ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വേർപിരിയുന്നതായി സൈന അറിയിച്ചത്. 2018 ഡിസംബറിലാണ് കശ്യപും സൈനയും വിവാഹിതരായത്. പത്തു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.
‘‘ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിക്കുകളിലേക്ക് കൊണ്ടുപോകും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും കശ്യപും രണ്ടു വഴിക്ക് പിരിയാം എന്ന തീരുമാനമെടുത്തു. ഞങ്ങൾ ഞങ്ങൾക്കുവേണ്ടിയും പരസ്പര സമാധാനത്തിനും ഉയർച്ചയ്ക്കും വേണ്ടി ഈ വഴി തിരഞ്ഞെടുക്കുന്നു. ഇതുവരെ നൽകിയ മികച്ച ഓർമകൾക്ക് നന്ദി. അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും മനസ്സിലാക്കിയതിനും നിങ്ങൾക്കും നന്ദി.’’– സൈന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന 2010, 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ സ്വർണ മെഡല്‍ ജേതാവായിരുന്നു. ഒളിംപിക്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് പി.കശ്യപ്. 2012 ൽ കശ്യപിന് കേന്ദ്രസർക്കാർ അർജുന അവാർഡ് നൽകി. 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ കശ്യപ് സ്വർണവും നേടിയിരുന്നു.