
ടെസ്റ്റ് ക്രിക്കറ്റിൽ 13,000 റൺസെന്ന നാഴികക്കല്ല് പിന്നിട്ട ജോ റൂട്ടിന് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന രണ്ടാമത്തെ താരമായതോടെ, അദ്ദേഹം തന്റെ റെക്കോർഡ് മറികടക്കാൻ സാധ്യതയുണ്ടെന്ന് സച്ചിൻ പറഞ്ഞു. 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 15,921 റൺസ് നേടിയ സച്ചിന്റെ പേരിലാണ് നിലവിൽ വേൾഡ് റെക്കോർഡ്. 13,543 റൺസ് നേടിയ ജോ റൂട്ടിന്, ഈ അവിശ്വസനീയമായ നേട്ടം കൈവരിക്കാൻ ഇനി വേണ്ടത് 2378 റൺസാണ്.
ഒരു ഓൺലൈൻ ചാനൽ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സച്ചിൻ. "13,000 റൺസ് പിന്നിട്ടത് ഒരു മികച്ച നേട്ടമാണ്. അദ്ദേഹം ഇപ്പോഴും നല്ലരീതിയിൽ കളിക്കുന്നു. 2012-ൽ നാഗ്പൂരിൽ വെച്ച് അദ്ദേഹത്തിന്റെ അരങ്ങേറ്റ പ്രകടനം കണ്ടപ്പോൾ, ഞാൻ എന്റെ സഹതാരങ്ങളോട് ഇംഗ്ലണ്ടിന്റെ ഭാവി ക്യാപ്റ്റനെയാണ് നിങ്ങൾ കാണുന്നതെന്നു പറഞ്ഞിരുന്നു. വിക്കറ്റ് നിലനിർത്താനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവാണ് എന്നെ ആകർഷിച്ചത്. ആ നിമിഷം തന്നെ അദ്ദേഹം ഒരു വലിയ താരമായി മാറുമെന്നു ഞാൻ മനസ്സിലാക്കി."- ജോ റൂട്ടിനെ പ്രശംസിച്ചുകൊണ്ട് സച്ചിൻ പറഞ്ഞു.