

ഔദ്യോഗികമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായി റയാന്‍ വില്യംസ്. ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിന് തടസമായി നിന്നിരുന്ന കടമ്പകളെല്ലാം റയാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏറെ നിര്‍ണായകമായ ഫിഫയുടെ പ്ലെയേഴ്‌സ് സ്റ്റാറ്റസ് ചേംബറിന്റെ അംഗീകാരവും റയാന്‍ വില്യംസിന് ലഭിച്ചു. തന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ മാറ്റുന്നതിനുള്ള റയാന്റെ അപേക്ഷ ചേംബര്‍ അംഗീകരിക്കുകയായിരുന്നു. ഈ അംഗീകാരം ലഭിച്ചതോടെ റയാന് ഇനി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനായി കളിക്കാം.
ഫിഫയുടെ മാനദണ്ഡങ്ങളെല്ലാം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ഇത് അവലോകനം ചെയ്തതിന് ശേഷമാണ് ഫിഫയുടെ പ്ലെയേഴ്‌സ് സ്റ്റാറ്റസ് ചേംബർ അനുമതി നല്‍കിയത്. എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിച്ചതായി സ്ഥിരീകരിച്ചുകൊണ്ട് നവംബര്‍ 19നാണ് ചേംബര്‍ അന്തിമ തീരുമാനം പുറപ്പെടുവിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിനായി 32കാരനായ റയാന്‍ വില്യംസ് ഓസീസ് പൗരത്വം ഉപേക്ഷിച്ചിരുന്നു. ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയുടെ താരമായിരുന്നു. ബംഗ്ലാദേശിനെതിരായ സാധ്യതാ സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും എന്‍ഒസിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കടമ്പകളെല്ലാം പൂര്‍ത്തിയാക്കിയതോടെ ഇനിയുള്ള ഇന്ത്യയുടെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ റയാന്‍ വില്യംസിന് കളിക്കാൻ സാധിക്കും.
ഐഎസ്എല്ലില്‍ ബെംഗളൂരുവിനായി കളിച്ചു തുടങ്ങിയതു മുതല്‍ റയാൻ ബെംഗളൂരുവിലാണ് താമസം. ഇരട്ട പൗരത്വമുള്ളവരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ കളിക്കാന്‍ അനുവദിക്കാത്തതിനാലാണ് ഓസീസ് പൗരത്വം ഉപേക്ഷിക്കാന്‍ റയാന്‍ വില്യംസ് തയ്യാറായത്.