
പോർച്ചുഗൽ: ജൂലൈയിൽ കാറപകടത്തിൽ മരിച്ച പോർച്ചുഗീസ് ഫുട്ബോളർ ഡിയോഗോ ജോട്ടയുടെ 21–ാം നമ്പർ ജഴ്സി ഇനി സുഹൃത്ത് റൂബൻ നെവസ് ധരിക്കും. അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സുഹൃത്തിന്റെ ഓർമയ്ക്കായി തന്റെ കണങ്കാലിൽ ഡിയോഗോ ജോട്ടയുടെ പേര് പച്ചകുത്തിയതായും നെവസ് അറിയിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങുന്ന പോർച്ചുഗൽ ടീമിന്റെ ട്രെയിനിങ് ക്യാംപിൽ നടന്ന ചടങ്ങിലാണ് നെവസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർമീനിയയും ഹംഗറിയുമാണ് പോർച്ചുഗലിന്റെ എതിരാളികൾ. ജോട്ടയുടെയും സഹോദരൻ ആന്ദ്രേ സിൽവയുടെയും അപകടമരണത്തിനു ശേഷമുള്ള പോർച്ചുഗലിന്റെ ആദ്യമത്സരമാണിത്.
ക്ലബ് ഫുട്ബോളിൽ സൗദി അറേബ്യയിലെ അൽ ഹിലാലിന്റെ താരമാണ് ഇപ്പോൾ മിഡ്ഫീൽഡറായ റൂബൻ നെവസ്. മുൻപ് നെവസും ജോട്ടയും ഒന്നിച്ച് ഇംഗ്ലിഷ് ക്ലബ് വോൾവർഹാംപ്ടൻ വാൻഡറേഴ്സിൽ കളിച്ചിരുന്നു.