

ഐസിസി ഏകദിന റാങ്കിംഗിൽ രോഹിത് ശർമ്മ ഒന്നാമത്. തൻ്റെ 38ആം വയസിലാണ് താരം കരിയറിലാദ്യമായി ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. കരിയറിൽ ഉടനീളം വിരാട് കോലിയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരനായ രോഹിത് ഓസ്ട്രേലിയൻ പര്യടനത്തിലെ മാൻ ഓഫ് ദി സീരീസ് പ്രകടനം കൊണ്ടാണ് ഒന്നാം റാങ്കിലെത്തിയത്. ഐസിസി റാങ്കിംഗ് ഔദ്യോഗികമായി അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിലും രോഹിത്, ശുഭ്മൻ ഗില്ലിനെ മറികടന്ന് ഒന്നാമത് എത്തിയെന്നാണ് റിപ്പോർട്ട്.
ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു സെഞ്ചുറിയും ഫിഫ്റ്റിയും സഹിതം 202 റൺസായിരുന്നു രോഹിതിൻ്റെ നേട്ടം. ശരാശരി 101. സ്ട്രൈക്ക് റേറ്റ് 86. പെർത്തിൽ നടന്ന ആദ്യ കളി കേവലം എട്ട് റൺസ് മാത്രം നേടാനേ രോഹിതിന് സാധിച്ചുള്ളൂ. എന്നാൽ, അഡലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശിയ താരം 73 റൺസുമായി ഇന്ത്യയുടെ ടോപ്പ് സ്കോററായി. കുറച്ചുകൂടി ബാറ്റിംഗ് സുഗമമായ സിഡ്നിയിലെത്തിയപ്പോൾ രോഹിത് വീണ്ടും ആക്രമണ മോഡിലേക്ക് നീങ്ങി. 125 പന്തുകളിൽ നിന്ന് 121 റൺസുമായി രോഹിത് നോട്ടൗട്ടായിരുന്നു.
റാങ്കിങ്ങിൽ ശുഭ്മൻ ഗില്ലിനും (റേറ്റിങ് 768) അഫ്ഗാനിസ്താൻ്റെ ഇബ്രാഹിം സദ്രാനും (റേറ്റിങ് 764) പിന്നിൽ മൂന്നാമതായിരുന്നു രോഹിത്. ഓസീസ് പരമ്പരയിൽ ഗിൽ നിരാശപ്പെടുത്തിയത് രോഹിതിന് ഗുണം ചെയ്തു. ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമത് എത്തുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോർഡും ഇതോടെ രോഹിത് സ്വന്തമാക്കി.