രോഹിത് - ശ്രേയസ് കൂട്ടുകെട്ടിൽ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്: അർദ്ധ സെഞ്ച്വറിയുമായി 'ഹിറ്റ് മാൻ' മടങ്ങി | Rohit Sharma

രോഹിത്തിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് ആണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് മൂന്നാം പ്രഹരമേൽപ്പിച്ചത്.
രോഹിത് - ശ്രേയസ് കൂട്ടുകെട്ടിൽ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്: അർദ്ധ സെഞ്ച്വറിയുമായി 'ഹിറ്റ് മാൻ' മടങ്ങി | Rohit Sharma
Published on

ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ രോഹിത് ശർമ്മയുടെയും ശ്രേയസ് അയ്യരുടെയും അർദ്ധസെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യ ബാറ്റിംഗിൽ ശക്തമായി തിരിച്ചെത്തി. ആദ്യ പത്തോവറിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (9), വിരാട് കോലി (0) എന്നിവരെ നഷ്ടപ്പെട്ട് 29 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തി രോഹിത്തും ശ്രേയസും ചേർന്നാണ് കരകയറ്റിയത്.(Rohit Sharma departs for 73)

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 30 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലാണ്. 51 റൺസോടെ ശ്രേയസ് അയ്യരും ഒരു റണ്ണുമായി അക്സർ പട്ടേലുമാണ് ക്രീസിൽ.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യയെ ആദ്യ അഞ്ചോവറിൽ ഓസീസ് പേസർമാർ വരിഞ്ഞുകെട്ടി. ജോഷ് ഹേസൽവുഡ് രണ്ട് മെയ്ഡിനുകൾ എറിഞ്ഞപ്പോൾ രോഹിത് പലപ്പോഴും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഒരു തവണ റണ്ണൗട്ടിൽ നിന്നും രണ്ട് തവണ എൽ.ബി.ഡബ്ല്യു. അപ്പീലുകളിൽ നിന്നും രക്ഷപ്പെട്ട രോഹിത് ക്രീസിൽ പിടിച്ചുനിന്നു.

ഏഴാം ഓവറിലെ ആദ്യ പന്തിൽ ശുഭ്മാൻ ഗില്ലും അഞ്ചാം പന്തിൽ വിരാട് കോലിയും മടങ്ങിയതോടെ ഇന്ത്യ കൂടുതൽ പ്രതിരോധത്തിലായി. പവർപ്ലേയിൽ 29 റൺസിലെത്തിയ ഇന്ത്യയെ 15-ാം ഓവർ വരെ ഓസീസ് പേസർമാർ വിറപ്പിച്ചു. പതിനഞ്ചാം ഓവറിലാണ് ഇന്ത്യ 50 കടന്നത്.

തിരിച്ചടിച്ച് രോഹിത്തും ശ്രേയസും

എന്നാൽ, ആദ്യ പത്തോവറിൽ 43 പന്ത് നേരിട്ട് 19 റൺസ് മാത്രം നേടിയ രോഹിത്, 19-ാം ഓവറിൽ മിച്ചൽ ഓവന്റെ ഓവറിൽ രണ്ട് സിക്സറുകൾ പറത്തി ടോപ് ഗിയറിലായി. 74 പന്തിൽ രോഹിത് അർദ്ധസെഞ്ചുറിയിലെത്തി.

ശ്രേയസ് അയ്യരും കട്ടക്ക് പിന്തുണ നൽകി ക്രീസിലുറച്ചതോടെ ഇന്ത്യ 24-ാം ഓവറിൽ 100 കടന്നു. 67 പന്തിൽ അർദ്ധസെഞ്ചുറിയിലെത്തിയ ശ്രേയസ്, രോഹിത്തിനൊപ്പം മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 136 പന്തിൽ 118 റൺസെടുത്ത ശേഷമാണ് വേർപിരിഞ്ഞത്. 97 പന്തിൽ 73 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് ആണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് മൂന്നാം പ്രഹരമേൽപ്പിച്ചത്.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെ ഇന്ത്യ ഇറങ്ങിയപ്പോൾ ഓസ്ട്രേലിയ മൂന്ന് മാറ്റങ്ങൾ വരുത്തി.

Related Stories

No stories found.
Times Kerala
timeskerala.com