
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമക്കും മികച്ച പ്രകടനം നടത്താനാകാത്തത് മോശം കാലാവസ്ഥ കാരണമെന്ന് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കോടക്. മഴ കാരണം ഇടയ്ക്കിടെ കളി തടസ്സപ്പെട്ടത് താരങ്ങളുടെ ബാറ്റിങ്ങിനെ ബാധിച്ചിരിക്കാമെന്നാണ് ഇന്ത്യൻ പരിശീലകന്റെ കണ്ടെത്തൽ. ഏഴു മാസങ്ങൾക്കുശേഷം ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങിയ കോലി ആദ്യ ഏകദിനത്തിൽ റണ്ണൊന്നുമെടുക്കാതെയാണു പുറത്തായത്. ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമ 14 പന്തുകളിൽ 8 റൺസാണ് എടുത്തത്.
കോലിയും രോഹിതും പെർത്തിൽ ‘അലസമായ’ മനോഭാവത്തിലായിരുന്നോ? എന്ന ചോദ്യമാണ് സിതാൻഷു കോടകിനോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചത്. എന്നാൽ കാലാവസ്ഥയാണ് പ്രശ്നമായതെന്നായിരുന്നു ഇന്ത്യന്‍ പരിശീലകന്റെ മറുപടി. ‘‘രോഹിതും കോലിയും ഐപിഎൽ കളിച്ചിട്ടുണ്ട്. നല്ല രീതിയിൽ തയാറെടുപ്പുകളും നടത്തിയാണ് അവർ പെർത്തിലെത്തിയത്. കാലാവസ്ഥയാണ് പ്രശ്നമായതെന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യയ്ക്കു പകരം ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യാൻ ഇറങ്ങിയിരുന്നെങ്കിലും ഇങ്ങനെയൊക്കെതന്നെ സംഭവിക്കുമായിരുന്നു. ഓരോ രണ്ടോവറുകൾ കഴിയുമ്പോഴും നാലോ, അഞ്ചോ തവണ കളി മുടങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അപ്പോഴൊക്കെ താരങ്ങൾ ഗ്രൗണ്ട് വിടുകയും തിരികെ വരികയും വേണം.’’– സിതാൻഷു കോടക് പറഞ്ഞു.
‘‘കോലിയെയും രോഹിത് ശർമയെയും വിലയിരുത്താനുള്ള സമയമായിട്ടില്ല. അവർ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. എന്നാൽ ഈ താരങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ചും തയാറെടുപ്പുകളെക്കുറിച്ചും ഞങ്ങൾക്കു നന്നായി അറിയാം. നെറ്റ്സിൽ രണ്ടു താരങ്ങളും നല്ല പ്രകടനം നടത്തുന്നുണ്ട്. ഉടൻ തന്നെ മികച്ച ഇന്നിങ്സുകൾ കാണാൻ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ.’’– ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കി.
ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കു ശേഷം കോലിയും രോഹിതും ഏകദിന കരിയറും അവസാനിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ 2027ലെ ലോകകപ്പ് വരെ തുടരാൻ ഇരുവര്‍ക്കും താൽപര്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ ഏകദിന പരമ്പരയ്ക്കൊപ്പം, ആഭ്യന്തര ക്രിക്കറ്റിലും സൂപ്പർ താരങ്ങൾ കളിക്കേണ്ടിവരും.