ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് ഐപിഎൽ നിർത്തിവച്ചതിനു പിന്നാലെ സുരക്ഷാ ഭീതിയിൽ രാജ്യം വിടാനൊരുങ്ങിയ വിദേശ താരങ്ങളെ പിടിച്ചുനിർത്തിയത് പഞ്ചാബ് കിങ്സ് ഹെഡ് കോച്ച് റിക്കി പോണ്ടിങ്. ശനിയാഴ്ച രാത്രി ഇന്ത്യ–പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ നിലവിൽ വന്നപ്പോൾ, ഓസ്ട്രേലിയയിലേക്ക് മടങ്ങാനായി പോണ്ടിങ് വിമാനത്താവളത്തിൽ എത്തിയിരുന്നു.
എന്നാൽ സംഘർഷത്തിൽ അയവുണ്ടായെന്നു മനസ്സിലാക്കിയ പോണ്ടിങ് യാത്രാ ഉപേക്ഷിച്ചു. നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ ഓസ്ട്രേലിയൻ താരങ്ങളായ ജോഷ് ഇംഗ്ലിസ്, മാർക്കസ് സ്റ്റോയ്നിസ്, ആരോൺ ഹാർഡി എന്നിവരും പോണ്ടിങ്ങിന്റെ ഉപദേശ പ്രകാരം തീരുമാനം മാറ്റിയെന്ന് പഞ്ചാബ് കിങ്സ് സിഇഒ സതീഷ് മേനോൻ പറഞ്ഞു. പഞ്ചാബ് ടീം ക്യാംപിലെ വിദേശ താരങ്ങളിൽ ദക്ഷിണാഫ്രിക്കൻ താരം മാർക്കോ യാൻസൻ മാത്രമാണ് ഇന്ത്യ വിട്ടുപോയത്. ഇപ്പോൾ ദുബായിലുള്ള യാൻസൻ ഏതു നിമിഷവും മടങ്ങിയെത്തുമെന്നും പഞ്ചാബ് ടീം അറിയിച്ചു.
അതേസമയം, സുരക്ഷാ കാരണങ്ങളാൽ നിർത്തി വയ്ക്കേണ്ടിവന്ന ഐപിഎൽ വീണ്ടും പുനരാരംഭിക്കുമ്പോൾ വേദികളും മാറും. ദക്ഷിണേന്ത്യൻ വേദികളായ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലായി ഐപിഎൽ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നടത്താനാണ് ബിസിസിഐ ഒരുങ്ങുന്നത്. ഈ മാസം 16, 17 തീയതികളിലൊന്നിൽ ഐപിഎൽ പുനരാരംഭിക്കുമെന്നും പുതുക്കിയ മത്സരക്രമം ബിസിസിഐ ഇന്നു പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോർട്ട്.